കണ്ണൂർ : തിരഞ്ഞെടുപ്പിൽ നാല് സീറ്റ് കിട്ടുന്നതിന് ഹിന്ദു-മുസ്‌ലിം വൈരാഗ്യമുണ്ടാക്കുന്നതിനുപുറമേ മുസ്‌ലിം, ക്രിസ്ത്യൻ വിരോധം സൃഷ്ടിക്കാൻ സി.പി.എം. നേതൃത്വം ശ്രമം നടത്തുകയാണെന്ന് സി.എം.പി. ജനറൽ സെക്രട്ടറി സി.പി.ജോൺ ആരോപിച്ചു. കണ്ണൂർ ഗുരുമന്ദിരത്തിൽ സി.എം.പി. ഏരിയാകമ്മിറ്റി അംഗങ്ങളുടെ യോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. അന്തർദേശീയ ഇസ്‌ലാമോഫോബിയയുടെ കേരളത്തിലെ വ്യാപാരിയായി സി.പി.എം നേതാവ് വിജയരാഘവൻ മാറിയിരിക്കുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ മുസ്‌ലിം-ക്രിസ്ത്യൻ വൈരാഗ്യം കുത്തിവെച്ച് നേട്ടമുണ്ടാക്കാൻ സി.പി.എം. ആസൂത്രിതനീക്കമാണ് നടത്തിയത്. യു.ഡി.എഫിനെ തോൽപ്പിക്കാൻ ഹിന്ദു, മുസ്‌ലിം വൈരാഗ്യത്തിനുപുറമേ മുസ്‌ലിം, ക്രിസ്ത്യൻ വൈരാഗ്യവും പ്രോത്സാഹിപ്പിക്കുന്ന സി.പി.എമ്മിന്റെ സമീപനം കേരളത്തിൽ വിലപ്പോവില്ലെന്നും സി.പി.ജോൺ പറഞ്ഞു.
സി.എ.അജീർ അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി പി.സുനിൽകുമാർ, എ.കെ.ബാലകൃഷ്ണൻ, സി.വി.ഗോപിനാഥ്, എൻ.സി. സുമോദ്, കാഞ്ചന മാച്ചേരി, ബി.സജിത്‌ലാൽ, സുധീഷ് കടന്നപ്പള്ളി എന്നിവർ സംസാരിച്ചു.