കണ്ണൂർ : സന്തോഷത്തിലാണ് വലിയന്നൂർ ‘ദേവീപ്രഭ’യിൽ ലിജു പ്രഭാകറും കുടുംബവും. സംസ്ഥാന ചലച്ചിത്ര പുരസ്കാരം രണ്ടാംതവണയും ഈ വീട്ടിലെത്തിയതിന്റെ സന്തോഷത്തിലാണിവർ. മികച്ച പ്രോസസിങ്‌ ലാബ് കളറിസ്റ്റിനുള്ള പുരസ്കാരമാണ് 'കയറ്റം' എന്ന സിനിമയിലൂടെ ലിജു പ്രഭാകറിന് ലഭിച്ചത്.

കഴിഞ്ഞവർഷവും ഇതേ വിഭാഗത്തിലെ പുരസ്കാരം ഇടം, ഗഞ്ചിറ എന്നീ ചിത്രങ്ങളിലെ മികവിലൂടെ ഇദ്ദേഹത്തിനായിരുന്നു. സിനിമയിൽ ദൃശ്യങ്ങളുടെ ഭാവത്തിനനുസരിച്ച് നിറം സന്നിവേശിപ്പിക്കുന്നതിലെ മികവാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. എറണാകുളത്ത് നാലുവർഷമായി ‘രംഗ് റെയ്‌സ് മീഡിയ വർക്സ്’ എന്ന സ്ഥാപനം നടത്തുന്ന ലിജു നൂറിലധികം ചിത്രങ്ങൾക്ക് ഇതുവരെ കളർപ്രോസസിങ് ചെയ്തിട്ടുണ്ട്.

സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത 'കയറ്റം' എന്ന ഒന്നരമണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിന്റെ പ്രത്യേകത അത് മുഴുവനായും ഐ ഫോണിൽ ചിത്രീകരിച്ചുവെന്നതാണ്. അതുകൊണ്ടുതന്നെ കളർ പ്രോസസിങ്‌ വലിയ വെല്ലുവിളിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മഞ്ജു വാരിയർ നായികയായ ചിത്രം നിർമിച്ചതും അവരാണ്. ചന്ദ്രു ശെൽവരാജാണ് ക്യാമറ. സി.പ്രഭാകരന്റെയും വി.സി.രമാദേവിയുടെയും മകനാണ് ലിജു പ്രഭാകർ. ജുനാരാജാണ് ഭാര്യ. ഹയാൻ മകനും.