തലശ്ശേരി : തലശ്ശേരി കടൽപ്പാലം ബലപ്പെടുത്തി സൗന്ദര്യവത്കരിക്കുന്നു. ഇതിന്റെ ഭാഗമായി മാരിടൈം ബോർഡ് അധികൃതർ പാലം പരിശോധിച്ചു. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പാലത്തിന്റെ ദ്രവിച്ച തൂണുകൾ ബലപ്പെടുത്തും. ഞായറാഴ്ച പരിശോധന തുടരും.
എ.എൻ. ഷംസീർ എം.എൽ.എ.യുടെ നേതൃത്വത്തിൽ മുംബൈയിൽനിന്നുള്ള രോഹി എൻറർപ്രൈസസ് കമ്പനിയുടെ സ്ട്രക്ചറൽ എൻജിനീയർ അഹമ്മദ് കുണ്ട, കേരള മാരിടൈം ബോർഡ് ചെയർമാൻ അഡ്വ. മാത്യു എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.
അപകടാവസ്ഥയിലായ കടൽപ്പാലം മതിൽകെട്ടി അടച്ചിരിക്കുകയാണ്. ഇപ്പോൾ സന്ദർശകർക്ക് പ്രവേശനമില്ല. പൈതൃകനഗരമായ തലശ്ശേരിയിലെ ചരിത്രസ്മാരകങ്ങളിൽ പ്രധാനപ്പെട്ടതാണ് കടൽപ്പാലം. 1910-ലാണ് പാലം നിർമിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് മലയോരമേഖലകളിൽനിന്നുള്ള കാപ്പി, കുരുമുളക്, ഏലം, ഇഞ്ചി തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ കടൽപ്പാലം വഴിയാണ് പുറംകടലിൽ നങ്കൂരമിട്ട കപ്പലിൽ എത്തിച്ചത്.
കാലക്രമേണ പാലത്തിന്റെ അടിത്തൂണുകൾ തുരുമ്പെടുത്ത് നശിക്കാൻ തുടങ്ങി. പാലത്തിലെ സ്ളാബുകളും തകർന്നുവീണുകൊണ്ടിരിക്കുകയാണ്.
തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം ഉടനെ നടക്കും. ഗുണ്ടർട്ട് ബംഗ്ലാവ്, പിയർ റോഡ്, ഫയർ ടാങ്ക് എന്നിവയാണ് നിർമാണം പൂർത്തിയായത്. സംസ്ഥാന ബജറ്റിൽ തലശ്ശേരി, മുസിരിസ്, ആലപ്പുഴ, കോഴിക്കോട്, തിരുവനന്തപുരം പൈതൃകടൂറിസം പദ്ധതികൾക്ക് 40 കോടി രൂപ അനുവദിച്ചിട്ടുണ്ട്.