കണ്ണൂർ : ആയിക്കരയിൽ തീരത്തോട് ചേർത്ത് നിർത്തിയ മീൻപിടിത്ത വള്ളം ശക്തമായ കടലേറ്റത്തിൽ പൂർണമായും തകർന്നു. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടം. തയ്യിലെ രതീശന്റെ ഉടമസ്ഥതയിലുള്ള ‘ശിവമുദ്ര’ എന്ന വള്ളമാണ് ശക്തമായ തിരയിൽ തകർന്നത്. 10 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായും കടലേറ്റം അടങ്ങിയതിനുശേഷം മാത്രമേ വള്ളം സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റാനാവൂവെന്നും രതീശൻ പറഞ്ഞു. ഇവിടെത്തന്നെ നിർത്തിയിട്ട മറ്റൊരു ഫൈബർവള്ളം കാറ്റിൽ വടം പൊട്ടി പുറംകടലിൽപ്പെട്ടിട്ടുണ്ട്. അപകടസാധ്യത മുൻനിർത്തി തീരത്ത് നിർത്തിയ മറ്റു വള്ളങ്ങൾ തൊഴിലാളികൾ ചേർന്ന് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. വലയുൾപ്പെടെയുള്ള മീൻപിടിത്ത സാമഗ്രികളും തീരത്തുനിന്ന്‌ നീക്കി.