മട്ടന്നൂർ : ലോക്ഡൗണിന്റെ മറവിൽ വില്പനക്കായി വീട്ടിൽ സൂക്ഷിച്ച 3315 പായ്ക്കറ്റ് പുകയില ഉത്പന്നങ്ങൾ മട്ടന്നൂർ എക്സൈസ് സംഘം പിടികൂടി. കായലൂർ നെല്യാട്ടെ കുനിയിൽ സലാമിന്റെ വീട്ടിൽനിന്നാണ് പുകയില ഉത്പന്നങ്ങൾ പിടിച്ചത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മട്ടന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ.കെ.വിജേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. തന്റെ ഭാര്യാ സഹോദരന്റേതാണ് പിടിച്ചെടുത്ത പുകയില ഉല്പന്നങ്ങളെന്നാണ് സലാം എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. കോട്പ നിയമപ്രകാരം കേസെടുക്കുമെന്ന് എക്സൈസ് അറിയിച്ചു.

പ്രിവൻ്റീവ് ഓഫീസറായ ബഷീർ പിലാട്ട്, കെ.കെ.ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ എം.പി.ഹാരിസ്, ടി.ഒ.വിനോദ്, കെ.കെ.രാഗിൽ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.