മാതൃഭൂമി വാർത്ത ചർച്ചയായി

തൃശ്ശൂർ : വരുന്ന അധ്യയനവർഷത്തെ ഓൺലൈൻ ക്ലാസുകൾ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുള്ള മാതൃഭൂമി വാർത്ത ഏറ്റെടുത്ത് അധ്യാപകസമൂഹം.

സംസ്ഥാനം മുഴുവൻ ഒരു അധ്യാപകൻ ക്ലാസെടുത്തിരുന്ന കഴിഞ്ഞ കൊല്ലത്തെ ശൈലിക്ക് മാറ്റം വന്നേക്കും എന്നായിരുന്നു വാർത്ത. ഇത് അധ്യാപകർ, വിദ്യാഭ്യാസ വിദഗ്ധർ എന്നിവർ ഉൾപ്പെടുന്ന വാട്‌സാപ്പ്, ഫെയ്‌സ് ബുക്ക് ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടു.

തുടർന്ന് ഒട്ടേറെ നിർദേശങ്ങൾ ഉയർന്നുവന്നു. വിദ്യാർഥികൾക്ക് സ്വന്തം സ്കൂളിലെ അധ്യാപകർതന്നെ ഓൺലൈനിൽ ക്ലാസ് എടുക്കണം എന്ന അഭിപ്രായമാണ് 90 ശതമാനവും പ്രകടിപ്പിച്ചത്.

ഉയർന്നുവന്ന ചില നിർദേശങ്ങൾ

അധ്യാപകർ കുട്ടികളുടെ ഒപ്പംതന്നെ ഉണ്ടാവണം. കുട്ടികൾ ഓൺലൈൻ ക്ലാസിൽ കയറുന്നില്ല എന്നുപറഞ്ഞ് ഒഴിയാൻ എളുപ്പമാണ്. എന്നാൽ, അങ്ങനെ വരാതിരിക്കാൻ സ്കൂൾ തലത്തിൽ ആസൂത്രണം നടക്കണം.

അധ്യാപകക്ഷാമം നേരിടുന്ന സ്കൂളുകൾക്ക് ഗുണകരമായി ക്ലസ്റ്റർതലത്തിൽ ക്ലാസുകൾ തയ്യാറാക്കി കുട്ടികളിലേക്ക് എത്തിക്കാവുന്നതാണ്.

വിക്ടേഴ്‌സിലൂടെയുള്ള ക്ലാസുകൾ തുടരണം. എന്നാൽ, വിദ്യാർഥി ആദ്യം ആശ്രയിക്കുന്നത് സ്വന്തം അധ്യാപകനെ ആയിരിക്കണം.

എല്ലാ അധ്യാപകരും സ്കൂളിലെത്തണമെന്ന നിർദേശം കൊടുക്കണം. സ്കൂളുകളിലെ ഹൈടെക് സംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണം.

ഓൺ​െ​െലൻ സംവിധാനത്തിന് പ്രയാസമുള്ള കുട്ടികളുടെ വീടുകളിൽ അന്വേഷിച്ച് പരിഹാരമുണ്ടാക്കണം.

സാർവത്രികമായി ഇന്റർനെറ്റ് എത്തിക്കണം. കെ-ഫോൺ യാഥാർഥ്യമാക്കണം.

ഓൺലൈൻ ക്ലാസുകൾ സ്കൂളുകളിൽ രൂപപ്പെടണം

ഓൺലൈൻ ക്ലാസുകൾ സ്കൂളുകളിൽ തന്നെ രൂപപ്പെടണം. സ്വന്തം വിദ്യാർഥികൾക്ക് അധ്യാപകർതന്നെ ഓൺലൈൻ ക്ലാസ് എടുക്കണം. പ്രധാനാധ്യാപകന് ചുമതല വേണം.

-എം. സലാഹുദ്ദീൻ,

സംസ്ഥാന പ്രസിഡന്റ്, കെ.പി.എസ്.ടി.എ. നവീനരീതികൾ ഓൺലൈൻ ക്ലാസുകളിൽ വരണം

ഓൺലൈൻ ക്ലാസുകൾ കഴിഞ്ഞകൊല്ലത്തേതിൽനിന്ന് മെച്ചപ്പെടുത്തണം. അധ്യാപകർക്ക് സ്വന്തം സ്കൂളിലെ വിദ്യാർഥികളുമായി കൂടുതൽ ഇടപെടൽ ഉണ്ടാവണം.

എൻ.പി. ശിവരാജൻ,

സംസ്ഥാനസെക്രട്ടറി , കെ.എസ്.ടി.എ.