കണ്ണൂർ : നിയമാനുസൃത രേഖകളില്ലാതെ ഹാൾമാർക്കിങ് കേന്ദ്രത്തിൽനിന്ന്‌ ജൂവലറിയിലേക്ക് കടത്താൻ ശ്രമിച്ച മൂന്നുകിലോഗ്രാം സ്വർണാഭരണം ജി.എസ്.ടി. വകുപ്പ് പിടികൂടി. തലശ്ശേരിയിലെ പ്രമുഖ ജൂവലറിയിലേക്ക് വില്പനയ്ക്ക് കൊണ്ടുപോവുകയായിരുന്ന 1.40 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് പിടികൂടിയത്. നികുതി, പിഴ ഇനത്തിൽ 8.79 ലക്ഷം രൂപ ഈടാക്കി.

തലശ്ശേരി മൊബൈൽ സ്ക്വാഡ് അസി. കമ്മിഷണർ എം.സി. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എ.എസ്.ടി.ഒ.മാരായ സി.എം. രഗിന, ലിൻസി വർഗീസ്, ഡ്രൈവർ സലീം മാലിക്ക് എന്നിവർ പങ്കെടുത്തു.

ജില്ലയിൽ സ്വർണാഭരണ മേഖലയിലെ നികുതിവെട്ടിപ്പ് തടയുന്നതിനായി ജൂലായ്‌മുതൽ പരിശോധന കർശനമാക്കിയതായി അധികൃതർ അറിയിച്ചു. മൂന്നുമാസങ്ങളിലായി ഈ മേഖലയിലെ 15 നികുതി വെട്ടിപ്പുകേസുകളിൽനിന്ന് മൂന്നുകോടി രൂപ മൂല്യമുള്ള ആറരകിലോഗ്രാം സ്വർണാഭരണങ്ങൾ പിടികൂടി പിഴ ചുമത്തിയിട്ടുണ്ട്.

പതിന്നാലരകിലോഗ്രാം വെള്ളി ആഭരണങ്ങളും പിടികൂടി. നികുതി, പിഴ ഇനത്തിൽ 85 ലക്ഷം രൂപ നികുതിവെട്ടിപ്പ് കേസുകളിൽനിന്നായി ഇക്കാലയളവിൽ ജില്ലയിലെ ഇന്റലിജൻസ് വിഭാഗം പിരിച്ചെടുത്തിട്ടുണ്ട്.