ചെറുപുഴ : ചെറുപുഴ ഗ്രാമപ്പഞ്ചായത്ത് എട്ടാംവാർഡായ കോഴിച്ചാൽ ഐ.എച്ച്.ഡി.പി. കോളനിയിലെ പട്ടികവർഗ കുടുംബങ്ങൾ പൊതുസ്ഥലത്ത് കൃഷിചെയ്ത വിളകൾ പഞ്ചായത്ത് അധികൃതർ പറിച്ചുനീക്കിച്ചതായി പരാതി.

കർണാടകവനത്തിനും കാര്യങ്കോട് പുഴയ്ക്കും ഇടയിലാണ് കോളനി.‌ മിക്കവരും അഞ്ച് സെന്റിലാണ് താമസം. ഇതിനോട് ചേർന്നുള്ള സർക്കാർ ഭൂമിയിൽ 40 ചുവട് കപ്പയും ആറ് വാഴയും കന്നുകാലിക്കുള്ള തീറ്റപ്പുല്ലും ഇഞ്ചിയും നട്ടുവളർത്തിയിരുന്നു. ഇവ പറിച്ചുമാറ്റണമെന്ന് പഞ്ചായത്ത് പ്രസിഡന്റും സ്ഥിരം സമിതി ചെയർമാനും നിർദേശിച്ചുവെന്നും വിസമ്മതിച്ചതിനാൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് പറഞ്ഞുവെന്നും ഇവർ ആരോപിച്ചു. തുടർന്ന് ഇവ പറിച്ചു നീക്കുകയായിരുന്നു. മൂന്നുവർഷമായി തങ്ങൾ ഇവിടെ കൃഷിചെയ്യുന്നതായി ഇവർ പറഞ്ഞു.

വിളകൾ നശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല -പ്രസിഡൻറ്

ചെറുപുഴ : പൊതുസ്ഥലം കൈയേറി കൃഷിനടത്തുന്നുവെന്ന് നിരവധി പരാതികൾ ലഭിച്ചതിനാലാണ് കോളനി സന്ദർശിച്ചത്. പരിശോധനയിൽ ശരിയാണെന്ന് കണ്ടെത്തി. കപ്പ, വാഴ, തീറ്റപ്പുൽ എന്നിവ നട്ടിരുന്നു. തൊട്ടടുത്ത ദിവസം വാഴകൾ പറിച്ച് മാറ്റിവെക്കണമെന്നും വിളവെടുപ്പുകഴിഞ്ഞാൽ വീണ്ടും കപ്പക്കൃഷിയിറക്കാൻ പാടില്ലെന്നും അറിയിച്ചു. എന്നാൽ പ്രകോപിതരായവർ കപ്പയും പറിച്ചുകളയുകയായിരുന്നുവെന്നാണ് മനസ്സിലാക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്.അലക്സാണ്ടർ അറിയിച്ചു.

പഞ്ചായത്ത് നടപടി പ്രാകൃതം -യു.ഡി.എഫ്.

ചെറുപുഴ : കർണാടക വനാതിർത്തിയിലുള്ള കേരള സർക്കാർ ഭൂമിയിൽ കൃഷിയിറക്കിയ ആദിവാസി സ്ത്രീകളെക്കൊണ്ട് അവ പറിച്ചു നശിപ്പിച്ച പഞ്ചായത്ത് നടപടി പ്രാകൃതമാണെന്ന് യു.ഡി.എഫ്. നേതാക്കൾ കുറ്റപ്പെടുത്തി. ഞായറാഴ്ച അവധിയായിരുന്നിട്ടും കോഴിച്ചാൽ വാർഡിലെ അംഗം കൂടിയായ പഞ്ചായത്ത് പ്രസിഡൻറും സ്ഥിരംസമിതി ചെയർമാനും നേരിട്ടെത്തി തൈകൾ പറിച്ചുമാറ്റണമെന്നും ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തി. തൈകൾ നട്ട സ്ത്രീകളെ കൊണ്ടുതന്നെ പറിച്ചുമാറ്റിയത് ക്രൂരമാണ്. പുറമ്പോക്കിലും പാതയോരത്തും കൃഷിയിറക്കാൻ മുഖ്യമന്ത്രി തന്നെ ആവശ്യപ്പെടുമ്പോഴാണ് പഞ്ചായത്തിന്റെ തലതിരിഞ്ഞ നടപടിയെന്നും കുറ്റപ്പെടുത്തി. യു.ഡി.എഫ്. പയ്യന്നൂർ മണ്ഡലം ചെയർമാൻ എം.ഉമ്മർ, ജയ്സൺ പൂക്കളത്തിൽ, രവി പൊന്നംവയൽ, റോഷി ജോസ്, ടി.പി.ശ്രീനിഷ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.