മുഴപ്പിലങ്ങാട് : മഴ കനത്തതിനെ തുടർന്ന് അഞ്ചരക്കണ്ടി പുഴയിലെ ജലനിരപ്പ് വർധിക്കുന്നത് പുഴയോരത്ത് താമസിക്കുന്നവരെ ആശങ്കയിലാക്കുന്നു. മാഹി ബൈപ്പാസിനായി മുഴപ്പിലങ്ങാട് നിർമിക്കുന്ന പാലത്തിനടിയിൽ തടയണ പൊളിക്കാത്തതാണ് ജനങ്ങളെ ഭീതിയിലാക്കുന്നത്.

കഴിഞ്ഞ വർഷങ്ങളിൽ പുഴയിലെ വെള്ളമൊഴുക്ക് തടസ്സപ്പെട്ടതിനെ തുടർന്ന് മുഴപ്പിലങ്ങാട് കടവ്, മേലൂർ, മമ്മാക്കുന്ന് ഭാഗങ്ങളിൽ വെള്ളം കയറി നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിരുന്നു.

തടയണ ഭാഗികമായി പൊളിച്ചുനീക്കിയാണ് അന്ന് വെള്ളമൊഴുക്കിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. രണ്ട് കാനകളിലൂടെയാണ് പാലത്തിനടിയിൽ പുഴയൊഴുകുന്നത്. മഴ കനത്താൽ സമീപപ്രദേശങ്ങളിൽ വെള്ളമുയരുമെന്ന ആശങ്കയിലാണ് ജനങ്ങൾ. തടയണ കൂടിയ അളവിൽ നീക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് ദുരന്തനിവാരണ അതോറിറ്റി അടിയന്തരമായി ഇടപെടണമെന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.സുരേഷ് ആവശ്യപ്പെട്ടു.

തോണികൾ കരയിലേക്ക് മാറ്റി

മുഴപ്പിലങ്ങാട് : കടലേറ്റം രൂക്ഷമായതിനെ തുടർന്ന് മത്സ്യബന്ധന യാനങ്ങൾ കരയിലേക്ക് മാറ്റി. മുഴപ്പിലങ്ങാട് തെറിമ്മൽഭാഗത്ത് ബീച്ചിൽ നിർത്തിയ തോണികളാണ് തൊഴിലാളികൾ കരയിലേക്ക് മാറ്റിയത്. കഴിഞ്ഞമാസമുണ്ടായ മഴയിൽ കടലേറ്റത്തെ തുടർന്ന് തൊഴിലാളികൾക്ക് വലിയ നാശമുണ്ടായിരുന്നു. ഞായറാഴ്ച രാവിലെയാണ് തോണികൾ കരയിലേക്ക് മാറ്റിയത്.