ധർമശാല : വാഴക്കൃഷിരംഗത്തെ പരിചയവും വിളവിലൂടെ കിട്ടുന്ന സംതൃപ്തിയും സ്കൂൾ വിദ്യാർഥികളിലേക്ക് എത്തിക്കുകയാണ് പാവന്നൂർമൊട്ടയിലെ കർഷകദമ്പതിമാർ.

പാവന്നൂർക്കടവിന് സമീപത്തെ കെ.പി. അബ്ദുൾ അസീസും ഭാര്യ നബീസയുമാണ് വേറിട്ട ദാനവുമായി വിദ്യാലയങ്ങളിൽ എത്തുന്നത്.

ജന്മനാട്ടിലും സമീപപ്രദേശങ്ങളിലുമായി നൂറോളം വിദ്യാലയങ്ങളിലേക്കാണ് വാഴക്കന്നുകളും വാഴക്കുലകളുമായി ഈ ദമ്പതികൾ എത്തുന്നത്. ഓരോ വിദ്യാലയത്തിലേക്കും നാളേക്കുള്ള കരുതലായി 10 വാഴക്കന്നുകളും ഒരു നേന്ത്രക്കുലയുമാണ് സമ്മാനിക്കുന്നത്. വിദ്യാലയങ്ങളുടെ ആവശ്യമനുസരിച്ച് എണ്ണത്തിൽ മാറ്റവും വരുത്തിയാണ് വിളവിന്റെ വിഹിതം നൽകുന്നത്. ഗുഡ്സ് ഓട്ടോഡ്രൈവർ കൂടിയായ അസീസ് സ്വന്തം ഓട്ടോയിൽതന്നെയാണ് ഭാര്യാസമേതമെത്തി കന്നുകളും കുലയും നൽകുന്നത് .

ആന്തൂർ നഗരസഭ, മയ്യിൽ, കുറ്റ്യാട്ടൂർ, കൊളച്ചേരി എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ എല്ലാ വിദ്യാലയങ്ങളിലും വിളവിന്റ വിഹിതം എത്തിക്കാനാണ് അസീസിന്റെ പരിപാടി. പാവന്നൂർക്കടവിന് സമീപത്ത് പാട്ടത്തിനെടുത്ത പത്ത് ഏക്കർ സ്ഥലത്താണ് വാഴക്കൃഷി നടത്തുന്നത്. പതിനായിരത്തോളം വാഴ കൃഷി ചെയ്യുന്നുണ്ട്. വിവിധ സമയങ്ങളിൽ വിളവെടുക്കാൻ പറ്റുന്ന രീതിയിലാണ് കൃഷി രീതി. സഹായത്തിന് മൂന്ന് പണിക്കാരും കൂട്ടായുണ്ട്. പ്രാദേശിക വിപണികളിൽ തന്നെയാണ് വിളവ് നൽകുന്നത്.

പ്രകൃതിക്ഷോഭങ്ങൾ ഉണ്ടായില്ലെങ്കിൽ വാഴക്കൃഷി ലാഭകരമാണെന്നാണ് അസീസിന്റെ അഭിപ്രായം. മുൻവർഷത്തെ പ്രളയത്തിൽ അഞ്ചുലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. കിട്ടുന്ന പങ്കിന്റെ ഒരുഭാഗം ഇത്തരം ദാനധർമങ്ങൾക്ക് ഉപയോഗിക്കണമെന്ന ആഗ്രഹത്തിന്റെ ഭാഗമായാണ് വാഴക്കന്നുകളും കുലകളും എത്തിച്ച് നൽകുന്നതെന്നും അസീസ് പറഞ്ഞു.

ആന്തൂർ നഗരസഭയിലെ വിദ്യാലയങ്ങളിലേക്കുള്ള വാഴക്കന്നുകൾ എത്തിക്കുന്ന പരിപാടി വ്യാഴാഴ്ച രാവിലെ നഗരസഭ ചെയർമാൻ പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. കെ.വി. പ്രേമരാജൻ അധ്യക്ഷത വഹിച്ചു. കെ.പി. ഉണ്ണികൃഷ്ണൻ, സെക്രട്ടറി പി.എൻ. അനീഷ്, കൃഷി ഓഫീസർ ടി.ഒ. വിനോദ് കുമാർ എന്നിവർ സംസാരിച്ചു.