പള്ളിപ്പൊയിൽ : വെള്ളരി ഇത്രകണ്ട്‌ വിളവുതരുമെന്ന് സിന്ധു സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല. രണ്ട് സെന്റ് വയലിൽ നിറഞ്ഞുനിൽക്കുന്ന വെള്ളരികണ്ട് നാട്ടുകാരും അദ്‌ഭുതപ്പെടുന്നു. മാച്ചേരി നാഗത്തട ക്ഷേത്രത്തിന് സമീപം സി.കെ.സിന്ധു കഴിഞ്ഞ ഫെബ്രുവരിയിൽ കുഴിയെടുത്ത് വിതച്ചത് 58 ചുവട്. വിളവെടുത്തപ്പോഴോ കിട്ടിയത് രണ്ടായിരത്തോളം വെള്ളരി. പൂർണമായും ജൈവീക രീതിയിലായിരുന്നു കൃഷി.

ബയോഗ്യാസ് പ്ലാന്റിൽനിന്നുള്ള സ്ലറിയും മറ്റ് ജൈവവളങ്ങളുമാണ് ഉപയോഗിച്ചത്. സമീപത്തെ വയലിൽ നാട്ടുകാരായ ദീപയും സതിയും സുനിതയും ലക്ഷ്മണനുമൊക്കെ വെള്ളരിയും മറ്റും കൃഷിചെയ്യുന്നുണ്ട്. കൂടുതൽ വിളവ് കിട്ടിയത് സിന്ധുവിനാണ്. കണ്ണൂരിലെ കൈമാറ്റം ഗ്രൂപ്പംഗമായ ഇവർ വെള്ളരി പുതിയതെരുവിലെ കൈമാറ്റം ജൈവ വിപണന കേന്ദ്രത്തിലൂടെയും കാടച്ചിറയിലെ ഇക്കോ ഷോപ്പിലൂടെയുമാണ് വിപണനം നടത്തുന്നത്. വയലിൽനിന്നുതന്നെ നാട്ടുകാരും കുറേയെണ്ണം വാങ്ങിപ്പോയി. വെള്ളരിനട്ട സ്ഥലത്ത് ഇനി നെൽക്കൃഷി തുടങ്ങുമെന്ന് സിന്ധു പറഞ്ഞു. വയലിൽ കുറ്റിമുല്ലക്കൃഷിയുമുണ്ട്. മുല്ലമൊട്ട് കെട്ടി രാവിലെ നഗരത്തിലെത്തിക്കുന്നതിലും സിന്ധു മുന്നിലുണ്ട്.