● പഴയങ്ങാടി

ലെവൽക്രോസ് അടച്ചിടും

: താവം-ദാലിൽ റോഡിൽ കണ്ണപുരം പഴയങ്ങാടി സ്റ്റേഷനുകൾക്കിടയിലുള്ള 256-ാം നമ്പർ ലെവൽക്രോസ് 14-ന് രാവിലെ എട്ടുമുതൽ മുതൽ 20-ന് വൈകിട്ട് ആറുവരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് അസി. ഡിവിഷണൽ എൻജിനീയർ അറിയിച്ചു.

● മയ്യഴി

സൗജന്യ അരി വിതരണം

: മയ്യഴിയിലെ എ.‌എ.വൈ./ പി.എച്ച്.എച്ച്. (ചുവപ്പ്) റേഷൻകാർഡ് ഉടമകൾക്ക് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന സ്കീം പ്രകാരം അനുവദിക്കപ്പെട്ടിട്ടുള്ള സൗജന്യ അരിവിതരണം 14-നും 15-നും നടത്തും. ഒരാൾക്ക് മാസം 5 കിലോഗ്രാം അരി വീതം മേയ്, ജൂൺ മാസത്തേക്കുള്ള അരിയാണ് വിതരണം ചെയ്യുന്നത്. വിവിധ കേന്ദ്രങ്ങളിൽ കൊടുത്ത ഡിപ്പോ നമ്പർ പ്രകാരമാണ് വിതരണം ചെയ്യുക. വിതരണസമയം രാവിലെ 9.30 മുതൽ 1 മണി വരെ.

വിതരണകേന്ദ്രങ്ങളും ഡിപ്പോ നമ്പറും: ജി.എൽ.‌പി.‌എസ്., പാറക്കൽ (1,2, 3, 4, 5, 16), യു.ജി.എച്ച്.എസ്., ചാലക്കര (6, 7, 15, 18), അവറോത്ത് ഗവ. മിഡിൽ സ്കൂൾ, ഈസ്റ്റ് പള്ളൂർ (8, 17), വി.എൻ.പി.ജി.എച്ച്.എസ്. സ്കൂൾ, പള്ളൂർ (9, 10, 11, 12), ജി.എൽ.‌പി.എസ്., പന്തക്കൽ (13, 14).

അരി വാങ്ങാൻ വരുന്ന വ്യക്തിയുടെ പേര് റേഷൻകാർഡിൽ ഉണ്ടായിരിക്കണം. ഇവർ മുഖാവരണം ധരിക്കുകയും റേഷൻകാർഡും അസ്സൽ തിരിച്ചറിയൽരേഖയും പേനയും ആവശ്യമായ സഞ്ചിയുമായി വിതരണകേന്ദ്രത്തിലെത്തി സാമൂഹിക അകലം പാലിച്ച് അരി കൈപ്പറ്റേണ്ടതാണ്.

പ്രായാധിക്യമുള്ളവർ/ക്വാറന്റീൻ ചെയ്ത ആളുകൾ എന്നിവർക്ക് അരി വാങ്ങാൻ അവരുടെ ബന്ധുക്കളെ അധികാരപ്പെടുത്താവുന്നതാണ്. അധികാരപ്പെടുത്തിയ കത്തും ഗുണോഭോക്താവിന്റെ റേഷൻകാർഡുമായി വിതരണകേന്ദ്രത്തിലെത്തി അരി കൈപ്പറ്റാം.

● തലശ്ശേരി

മാറ്റിവെച്ചു

: കൈവട്ടം നരനാരായണമഠത്തിന്റെ 21 മുതൽ 23 വരെ നടത്താൻ നിശ്ചയിച്ച നവതി ആഘോഷം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ആഘോഷ കമ്മിറ്റി അറിയിച്ചു.

പുനഃപ്രതിഷ്ഠാ ഉത്സവം മാറ്റിവെച്ചു

● കതിരൂർ

: പുല്യോട് ധർമശാസ്താ ഭഗവതി ക്ഷേത്രത്തിൽ 13 മുതൽ 18 വരെ നിശ്ചയിച്ച പുനഃപ്രതിഷ്ഠാ ഉത്സവം കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ നടത്താനാകില്ലെന്ന് ക്ഷേത്രസേവാ സമിതി അറിയിച്ചു. ജൂൺ 26 മുതൽ ജൂലായ്‌ ഒന്നുവരെയായിരിക്കും ഉത്സവം നടക്കുക.തലശ്ശേരി : തലശ്ശേരി നഗരസഭയിൽ കോവിഡ് പ്രതിരോധത്തിന് വാർഡുതല ജാഗ്രതാസമിതികൾ സജീവം. വാർഡുതല ജാഗ്രതാസമിതി മുഖേന 52 വാർഡുകളിലായി 55 വാഹനങ്ങൾ കോവിഡ് പ്രതിരോധത്തിനായി തയ്യാറാക്കി. രോഗികളെ കൊണ്ടുപോകാനും ക്വാറന്റീനിൽ കഴിയുന്നവരെ പരിശോധനയ്ക്ക് കൊണ്ടുപോകാനുമാണ് വാഹനങ്ങൾ ഉപയോഗിക്കുന്നത്.

നഗരസഭയിൽ 10 വാഹനങ്ങൾ വേണമെന്നാണ് സർക്കാർ നിർദേശം. യാത്രയ്ക്കായി ആംബുലൻസ്, കാറുകൾ, ഓട്ടോറിക്ഷ എന്നിവയെല്ലാമുണ്ട്. സമിതികളുടെ വാഹന ഡ്രൈവർമാരെ ബന്ധപ്പെടുന്നതിനുള്ള ഫോൺ നമ്പർ നഗരസഭ ഹെൽപ്പ്‌ ലൈനിൽ ലഭ്യമാണ്. അത്യാവശ്യഘട്ടത്തിലും മുഴുവൻസമയവും സേവനം ലഭ്യമാകുന്ന വാഹനവുമുണ്ട്.

ഇതിനായി ബന്ധപ്പെടാൻ രണ്ട് ഫോൺ നമ്പറുമുണ്ട്. രോഗം വന്ന് വീടുകളിൽ താമസിക്കാൻ കഴിയാത്തവർക്ക് ജാഗ്രതാസമിതി മുഖേന വാർഡുകളിൽ താമസ സൗകര്യമൊരുക്കി. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വീടുകളും ഓഫീസും സാനിറ്റൈസറിങ്, ഫോഗിങ് എന്നിവ നടത്താൻ കുടുംബശ്രീയും സ്വകാര്യ സ്ഥാപനങ്ങളും തയ്യാറാണ്.

നിശ്ചിത തുക നൽകിയാൽ സേവനം ലഭ്യമാകും. നഗരസഭയുടെ ഹെൽത്ത് ഡിവിഷന്റെ കീഴിലും സാനിറ്റൈസിങ് സൗകര്യമുണ്ട്. രോഗികൾക്ക് ദൂരസ്ഥലങ്ങളിൽനിന്ന് മരുന്ന് തലശ്ശേരിയിലേക്കും തലശ്ശേരിയിൽനിന്ന് ജില്ലയ്ക്ക് പുറത്തേക്കുമുൾപ്പെടെ എത്തിച്ചു കൊടുക്കാൻ തുടങ്ങി.

അഗ്നിരക്ഷാസേന, നഗരസഭ ഹെൽപ്പ് ഡെസ്ക്, യുവജനക്ഷേമബോർഡ്, സഹകരണ ആസ്പത്രി, മെഡിക്കൽ ഷോപ്പുകൾ, പോലീസ് ഉദ്യോഗസ്ഥർ, നഗരസഭ ജീവനക്കാർ എന്നിവർ മുഖേനയാണ് മരുന്നെത്തിക്കുന്നത്. മാനസിക സമ്മർദത്തിന് പരിഹാരം കാണാൻ ഐ.സി.ഡി.എസ്, ഐ.ആർ.പി.സി, യൂണിവേഴ്‌സിറ്റി കൗൺസലിങ് സെന്റർ എന്നിവയുടെ സഹായം ലഭ്യമാണ്. മൊബൈൽ ഫോൺ സംബന്ധമായ പ്രശ്നങ്ങൾക്കും ഹെൽപ്പ്‌ ലൈൻ മുഖേന പരിഹാരം ലഭിക്കും. നഗരത്തിലെത്തുന്നവർക്ക് പണം കൊടുത്ത് ഉപയോഗിക്കാവുന്ന ക്വാറന്റീൻ കേന്ദ്രങ്ങളുണ്ട്. നഗരത്തിലെ ആറ്‌ ലോഡ്ജുകളിൽ ഇതിനായി സൗകര്യമൊരുക്കി. ടെലി മെഡിസിൻ, ജനകീയ ഹോട്ടൽ എന്നിവയുടെ സേവനവും ലഭ്യമാണ്.

മാഹിയിൽ കൂടുതൽ ഫസ്റ്റ് ലൈൻ കോവിഡ് സെന്ററുകൾ തുടങ്ങുംമയ്യഴി : മാഹിയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ്്‌ കോവിഡ് സെൻററുകൾ തുറക്കുന്നതിന് ഇത് സംബന്ധിച്ച് ഗവ. ഹൗസിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു. അവശ്യസാധനങ്ങളുടെ കടകൾ കേരളത്തിലേതുപോലെ വൈകുന്നേരം ആറുവരെ തുറന്ന് പ്രവർത്തിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് അഡ്മിനിസ്ട്രേറ്റർ ഉറപ്പ് നൽകി. വീടുകളിൽ ക്വാറൻറീനിൽ കഴിയുന്നവരെ ഡോക്ടർമാർ പരിശോധിച്ച് ചികിത്സാനിർദേശങ്ങൾ നൽകും. 18-ന് മുകളിലുള്ളവർക്കുള്ള വാക്സിൻ കുത്തിവെപ്പ് നാലുദിവസത്തിനകം തുടങ്ങും.

നിയുക്ത എം.എൽ.എ. രമേശ് പറമ്പത്ത് അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ, ആരോഗ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഡോ. പ്രേംകുമാർ, രാഷ്ട്രീയകക്ഷി നേതാക്കളായ അഡ്വ. എം.ഡി. തോമസ്, വടക്കൻ ജനാർദനൻ, എ.സുനിൽ, വിവിധ സന്നദ്ധ സംസ്കാരിക സംഘടനാ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.

പാനൂരിൽ 36 ആളുകളുടെ പേരിൽ കേസ്

പാനൂർ : പാനൂരിൽ കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് 30 ആൾക്കാരുടെ പേരിൽ കേസെടുത്തു. മൂന്ന്‌ ആളുകളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു. 15 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. കൊളവല്ലൂരിൽ 30പേരെ താക്കീത് ചെയ്തു. മൂന്ന് ആളുകളുടെ പേരിൽ കേസെടുത്തു. മൂന്ന് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. ക്വാറന്റീനിൽ കഴിയുന്നവർ പോലീസിന്റെ സൂക്ഷ്മനിരീക്ഷണത്തിലാണ്.

കുന്നോത്ത്പറമ്പിൽ 46 പേർക്ക് കോവിഡ്

പാനൂർ : പാനൂർ മേഖലയിൽ ബുധനാഴ്ച 132 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കുന്നോത്ത്പറമ്പിൽ 46 പേർക്കും പാനൂർ നഗരസഭയിൽ 38 പേർക്കും തൃപ്രങ്ങോട്ടൂരിൽ 33 പേർക്കും മൊകേരിയിൽ 15 പേർക്കു മാണ് പോസിറ്റിവായത്. 117 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്.

മാഹിയിൽ 42 പേർക്കുകൂടി കോവിഡ്

മയ്യഴി : മാഹിയിൽ ബുധനാഴ്ച 421 പേർക്ക് കോവിഡ് പരിശോധന നടത്തിയതിൽ 42 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 64 പേർ രോഗമുക്തി നേടി. ഇതോടെ മാഹിയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 297 ആയി. മാഹി ഗവ. ആസ്പത്രി നിലവിൽ ഒരു കോവിഡ് രോഗി വെന്റിലേറ്ററിലും നാലുപേർ ഓക്സിജൻ സഹായത്തോടെയും കഴിയുന്നു.

തലശ്ശേരിയിൽ 66 പേർക്ക് കോവിഡ്

തലശ്ശേരി : തലശ്ശേരി നഗരസഭാപരിധിയിൽ ബുധനാഴ്ച 66 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 63 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ധർമടത്ത് 14-ഉം എരഞ്ഞോളിയിൽ 12-ഉം പിണറായിയിൽ 23-ഉം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

മാങ്ങാട്ടിടത്ത് വൊളന്റിയർ സേവനം വർധിപ്പിച്ചു

കൂത്തുപറമ്പ് : മാങ്ങാട്ടിടം പഞ്ചായത്തിൽ കോവിഡ് പ്രതിരോധപ്രവർത്തനം ഊർജിതമാക്കി. വാർഡുകളിൽ ജാഗ്രതാസമിതി യോഗംചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. മുഴുവൻ വാർഡുകളിലുമായി 250-ഓളം വൊളന്റിയർമാരെ പ്രതിരോധപ്രവർത്തനങ്ങൾക്കായി നിയോഗിച്ചു. നിർമലഗിരി കോളേജിൽ 50 കിടക്കകളുള്ള കേന്ദ്രീകൃത ഡി.സി.സി. ഒരുക്കി. മെരുവമ്പായി, മാങ്ങാട്ടിടം മേഖലകളിൽ കേന്ദ്രീകൃത ഡി.സി.സികൾക്കായി 35 കിടക്കകൾ ഇടാനുള്ള വീടുകൾ കണ്ടെത്തി. എല്ലാ വാർഡുകളേയും ക്ലസ്റ്ററുകളായി വിഭജിച്ച് ചുമതലകൾ നൽകി.

ഒന്നിടവിട്ട ദിവസങ്ങളിൽ വാർഡുമെമ്പറുടെ നേതൃത്വത്തിൽ ആർ.ആർ.ടി. യോഗം ചേരുന്നുണ്ട്. വാർഡുകളിലേക്ക് ആവശ്യമായ പി.പി.ഇ. കിറ്റ്, പൾസ് ഓക്സിമീറ്റർ, ഗ്ലൗസ്, സാനിറ്റൈസർ, മാസ്ക് എന്നിവ നൽകാൻ തീരുമാനിച്ചു. പഞ്ചായത്തിലെ 300-ലധികം വരുന്ന അതിഥിതൊഴിലാളികളുടെ സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പുവരുത്താൻ സ്പോൺസർമാരോട് ആവശ്യപ്പെട്ടു.

പ്രയാസം അനുഭവിക്കുന്നവർക്ക് ഭക്ഷ്യകിറ്റ് നൽകും. പത്തിലധികം വാഹനങ്ങൾ നാല് മേഖലകളായി സന്നദ്ധപ്രവർത്തനത്തിന്റെ ഭാഗമായി സർവീസ് നടത്തുന്നുണ്ട്. അടിയന്തരഘട്ടത്തിൽ ഉപയോഗിക്കാൻ ആംബുലൻസും സജ്ജമാക്കി. അവശതയനുഭവിക്കുന്നവർക്ക് ഭക്ഷണവും മരുന്നുകളും എത്തിക്കും.

രോഗികളെ കണ്ടെത്തുന്നതിനായി കൈതേരി, മാങ്ങാട്ടിടം മേഖലകളിലായി വ്യാഴാഴ്ച ആർ.ടി.പി.സി.ആർ. പരിശോധന നടത്തും. പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഗംഗാധരൻ, ആരോഗ്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ വിജേഷ് മാറോളി എന്നിവരാണ് പ്രതിരോധപ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്നത്. മഴക്കാലപൂർവശുചീകരണത്തിന്റെ ഭാഗമായി എല്ലാ വാർഡുകളിലും ശുചീകരണ പ്രവർത്തനം നടക്കുന്നുണ്ട്. ഡെങ്കിപ്പനിസാധ്യതാ പ്രദേശങ്ങളിൽ ആവശ്യമായിടത്ത് ഫോഗിങ്‌ നടത്താനും യോഗം തീരുമാനിച്ചു.

അനാവശ്യയാത്ര; ആറു ബൈക്ക് യാത്രികർക്കെതിരേ കേസ്

ചൊക്ലി : ലോക്ഡൗൺ ലംഘനം നടത്തി അനാവശ്യയാത്ര നടത്തിയ ആറു ബൈക്ക് യാത്രക്കാർക്കെതിരേ ചൊക്ലി പോലീസ് കേസെടുത്തു. ഇൻസ്പെക്ടർ കെ.സി.സുഭാഷ്ബാബു, എസ്.ഐ. വി.വി.അജീഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മേക്കുന്ന്, ചൊക്ലി ടൗൺ, മത്തിപ്പറമ്പ്, ഒളവിലം, പെരിങ്ങത്തൂർ എന്നിവിടങ്ങളിൽനിന്നാണ് വാഹനം പിടികൂടിയത്.

ആഘോഷം വീടുകളിൽ മാത്രം; പെരുന്നാൾ ദിവസം ജാഗ്രതാ സ്ക്വാഡ് പ്രവർത്തിക്കും മയ്യഴി : കോവിഡ് രണ്ടാംതരംഗത്തിൽ കൂടുതൽ പ്രയാസം അനുഭവിക്കുകയും മരണനിരക്ക് കൂടുകയും ചെയ്യുന്ന അഴിയൂർ ഗ്രാമപ്പഞ്ചായത്തിൽ പെരുന്നാളാഘോഷം വീടുകൾക്കുള്ളിൽ മാത്രമാക്കാൻ തീരുമാനം. പള്ളികളിൽ പെരുന്നാൾ നമസ്കാരം ഉണ്ടാകില്ല. ബന്ധുവീടുകളിലേക്കുള്ള യാത്രകൾക്കും വിലക്കുണ്ട്. അനാവശ്യമായി പുറത്തിറങ്ങിയാൽ നടപടികൾ സ്വീകരിക്കുന്നതിന് സെക്ടറൽ മജിസ്ട്രേട്ടുമാരുടെ നേതൃത്വത്തിൽ ജാഗ്രതാസ്ക്വാഡ് പെരുന്നാൾദിവസം പ്രവർത്തിക്കും. പാസുള്ളവർ കോവിഡ് പ്രോട്ടോകോൾ പാലിച്ചോ പുറത്തിറങ്ങാവൂ. ആർ.ആർ.ടി. പാസ് ഉള്ളവർ അതത് വാർഡുകളിൽ മാത്രം പ്രവർത്തിക്കണം. ബീച്ചുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ അനാവശ്യമായി ഇറങ്ങിയാൽ നടപടി സ്വീകരിക്കും. പെരുന്നാൾദിവസം വീടുകളിൽത്തന്നെ കഴിയണമെന്ന് ചോമ്പാൽ സി.ഐ. ശിവൻ ചോടത്ത് പഞ്ചായത്ത്, സെക്രട്ടറി ടി.ഷാഹുൽ ഹമീദ് എന്നിവർ ജനങ്ങളോട് അഭ്യർഥിച്ചു. വീടുകളിൽ കഴിയുന്നവരും ജാഗ്രത പാലിക്കണം. മാസ്ക് ധരിച്ച് അകലം പാലിച്ചുമാത്രമേ ആഘോഷത്തിൽ പങ്കെടുക്കാവൂ.

അടിയന്തര യാത്രാ പാസ് ഓൺലൈനിലൂടെ മാത്രം

മയ്യഴി : ലോക്‌ഡൗൺ സമയത്ത് അടിയന്തര യാത്രാ പാസ് ഓൺലൈനിൽ മാത്രം നൽകുമെന്ന് മാഹി അഡ്മിനിസ്ട്രേറ്റർ ശിവ്‌രാജ് മീണ അറിയിച്ചു. ആരോഗ്യ അടിയന്തര കാര്യങ്ങൾക്കും അടിയന്തര ആവശ്യങ്ങൾക്കും ഓൺലൈൻ പാസിനായി https://epass.py.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷിക്കണം. യാത്രക്കാർ ഓൺലൈനായി അപേക്ഷിക്കുമ്പോൾ യാത്ര ചെയ്യേണ്ടവരുടെ തിരിച്ചറിയൽ കാർഡും (ആധാർ/വോട്ടർ ഐ.ഡി./ ഡ്രൈവിങ്‌ ലൈസൻസ്) അടിയന്തര യാത്രയുമായി ബന്ധപ്പെട്ട രേഖകളും ഇ-പാസിന്റെ അംഗീകാരത്തിനായി അപ്‌ലോഡ് ചെയ്യണം. മാഹി റീജണൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിലെ അസിസ്റ്റന്റ് എസ്. അരുൺ കുമാറിനാണ് (ഫാാൺ: 8525013771) ഇ-പാസ് ഫെസിലിറ്റേഷന്റെ ചുമതല.

ഹെൽപ്പ്‌ ഡെസ്ക്

തലശ്ശേരി : സേവാഭാരതി ചേറ്റംകുന്ന് മേഖല കോവിഡ് ഹെൽപ്പ് ഡെസ്ക് കാവുംഭാഗം ഭാസ്കർ റാവു മന്ദിരത്തിൽ ആർ.എസ്.എസ്. കേരളപ്രാന്ത സഹസമ്പർക്ക പ്രമുഖ് പി.പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. അഡ്വ. പി.പ്രേമരാജൻ അധ്യക്ഷനായി. എം.പി.ജ്യോതിഷ്, അഡ്വ. മിലിചന്ദ്ര, മജ്മ, എം.പി.രജീഷ്, പി.സജീവൻ എന്നിവർ സംസാരിച്ചു. കാവുംഭാഗം ഭാസ്കർ റാവു മന്ദിരം, എടത്തിലമ്പലം സംഘസ്ഥാൻ എന്നീ സേവാകേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് ഹെൽപ്പ്‌ ഡെസ്കിന്റെ പ്രവർത്തനം. ചികിത്സാകേന്ദ്രങ്ങളിൽ പോകാൻ വാഹനസൗകര്യം, ആംബുലൻസ് സേവനം, കോവിഡ് മുക്തരാകുന്നവരുടെ വീടുകളിൽ അണു നശീകരണം, ക്വാറൻറീൻ സൗകര്യം, ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കളടങ്ങുന്ന കിറ്റ് വിതരണം എന്നിവയാണ് ലക്ഷ്യമിടുന്നത്. ഫോൺ: 9656082513, 9947977230.

കർശന വാഹനപരിശോധന

പന്തക്കൽ : മാഹിയുടെ ഭാഗമായ മൂലക്കടവിലും കേരളാ അതിർത്തിയായ കോപ്പാലത്തും ലോക് ഡൗൺ പശ്ചാത്തലത്തിൽ കർശന വാഹനപരിശോധന. മൂലക്കടവിൽ മാഹിയിലെ കോവിഡ്-19 എൻഫോഴ്‌സ്‌മെന്റ്‌ ടീമും കോപ്പാലത്ത് ന്യൂമാഹി പോലീസുമാണ് വാഹനപരിശോധന നടത്തുന്നത്. പ്രദേശത്ത് 5 പെട്രോൾപമ്പുകൾ പ്രവർത്തിക്കുന്നതിനാൽ ഈ റൂട്ടിൽ വാഹനങ്ങൾ ഇന്ധനത്തിനായെത്തുന്നുണ്ട്. അനാവശ്യമായി ബൈക്കിൽ ഇന്ധനം നിറയ്ക്കാനെത്തുന്നവരെ കോപ്പാലത്തുവെച്ച് ന്യൂമാഹി പോലീസ് മടക്കി അയക്കുകയാണ്.

മൂലക്കടവിൽ കോവിഡ്-19 എൻഫോഴ്‌സ്‌മെന്റ്‌ ഉദ്യോഗസ്ഥർ വാഹന പരിശോധനയിൽ മാസ്ക് ധരിക്കാത്തവർക്ക് 100 രൂപ പിഴചുമത്തുന്നുമുണ്ട്. എൻഫോഴ്‌സ്‌മെന്റ്‌ ടീമിൽ അധ്യാപകരടക്കം രണ്ട് ഉദ്യോഗസ്ഥരും ഒരു പോലീസ് ഓഫീസറും ഉണ്ടായിരിക്കും. മാക്കുനി അതിർത്തിയിൽ പന്തക്കൽ പോലീസും വാ ഹനപരിശോധന നടത്തുന്നുണ്ട്.

മൊകേരിയിൽ കരുതലും ജാഗ്രതയും

പാനൂർ : കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ബോധവത്കരണവും മുന്നൊരുക്കങ്ങളും നടത്തി മൊകേരി പഞ്ചായത്ത് ജാഗ്രതാസമിതി. പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഹെൽപ്പ്‌ ഡസ്കിന്റെ സേവനം തുടങ്ങി. കോവിഡ് രോഗികളെ പരിശോധനാകേന്ദ്രത്തിലെത്തിക്കുന്നതിനും ഗുരുതരാവസ്ഥയിലുള്ളവരെ കോവിഡ് കെയർ സെന്ററിലേക്ക് അയക്കുന്നതിനുമായി ഓക്സിജൻ സൗകര്യമുള്ള ആംബുലൻസും പ്രത്യേകം സജ്ജമാക്കിയ വാഹനവും ഏതുസമയത്തും ലഭ്യമാകുന്ന രീതിയിൽ തയ്യാറാക്കി. പൾസ് ഓക്സിജൻ സിലിൻഡർ, ഓക്സിമീറ്റർ, പി.പി.ഇ. കിറ്റ് എന്നിവ ശേഖരിച്ചുവരുന്നു. രോഗികൾക്ക് ഭക്ഷണവും മരുന്നും റേഷനും അത്യാവശ്യ സാധനങ്ങളും എത്തിക്കുന്നു.

പ്രസിഡന്റ് പി.വത്സന്റെ അധ്യക്ഷതയിൽ ചേർന്ന പഞ്ചായത്തുതല ജാഗ്രതാസമിതി യോഗം സ്ഥിതിഗതികൾ വിലയിരുത്തി. വാർഡുതല ജാഗ്രതാസമിതികളുടെയും ആർ.ആർ.ടി. വൊളന്റിയർമാരുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഒറ്റക്കെട്ടായ പ്രവർത്തനത്തിന്റെ ഭാഗമായി ജനങ്ങളുടെ പ്രയാസവും രോഗനിരക്കും കുറയുകയാണെന്ന് യോഗം വിലയിരുത്തി. സെക്ടറൽ മജിസ്ട്രേറ്റിനെയും സ്പെഷ്യൽ ഓഫീസറെയും പോലീസിനെയും സഹായിക്കാനായി ഓരോ വാർഡിലും രണ്ട് സർക്കാർ ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്. ഹെൽപ്പ് ഡെസ്ക്‌: ഫോൺ: 4846228042, 9446773793, 9446636589, 9656950470. ആംബുലൻസ് ഫോൺ: 9947752525, 9645842984, 9048654095. വാഹനം: 9947622329, 9847194227. ആരോഗ്യപ്രവർത്തകരെയോ പോലീസിനെയോ അറിയിച്ചില്ല

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിച്ച വീട്ടുകാർക്കെതിരേ കേസ്

കൂത്തുപറമ്പ് : മാങ്ങാട്ടിടം കണ്ടേരിയിൽ കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം ആരോഗ്യപ്രവർത്തകരെയോ പോലീസിനെയോ പഞ്ചായത്തിലോ അറിയിക്കാതെ വീട്ടുകാർ സംസ്കരിച്ചു. വാർധക്യസഹജമായ അസുഖത്താൽ തിങ്കളാഴ്ച തൊക്കിലങ്ങാടിയിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയ്ക്ക് വിധേയമായപ്പോൾ നടത്തിയ പരിശോധനയിലാണ് വയോധികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

ആസ്പത്രി അധികൃതർ രോഗിയെ അഡ്മിറ്റ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ കൂടെയുള്ളവർ വിസമ്മതിക്കുകയും ആരോഗ്യപ്രവർത്തകരെയോ പഞ്ചായത്ത് അധികൃതരെയോ അറിയിക്കാതെ രോഗിയുമായി വീട്ടിലേക്ക് മടങ്ങുകയുമായിരുന്നത്രേ. വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇവർ ചൊവ്വാഴ്ച മരിച്ചു. മരണശേഷവും കോവിഡ് ബാധിച്ചാണ് മരിച്ചത് എന്ന വിവരം നാട്ടുകാരെയോ അധികൃതരെയോ അറിയിക്കാതെ ചടങ്ങുകൾ നടത്തി സംസ്കരിക്കുകയും ചെയ്തു. ചടങ്ങുകൾ കഴിഞ്ഞതിനുശേഷമാണ് ജില്ലാ സെന്റർ വഴി ആരോഗ്യവകുപ്പിന് കോവിഡ് ബാധിതയുടെ വിവരങ്ങൾ ലഭിക്കുന്നത്. ആരോഗ്യപ്രവർത്തകർ വീട്ടിലെത്തുന്നതിനുമുൻപ്‌ സംസ്കാരച്ചടങ്ങുൾപ്പെടെ കഴിഞ്ഞിരുന്നു.

തുടർന്ന് ആരോഗ്യപ്രവർത്തകരും പഞ്ചായത്തധികൃതരും വയോധിക കോവിഡ് ബാധിച്ച മരിച്ചതാണെന്ന വിവരം കൂത്തുപറമ്പ് പോലീസിൽ അറിയിക്കുകയായിരുന്നു. കോവിഡ് ബാധിച്ച് മരിച്ച വിവരം മറച്ചുവെച്ച് ശവസംസ്കാരം നടത്തിയതിന് വീട്ടുക്കാർക്കെതിരേ പകർച്ചവ്യാധിനിയന്ത്രണ നിയമപ്രകാരം പോലീസ് കേസെടുത്തു. ചടങ്ങിൽ പങ്കെടുത്തവരെ അധികൃതർ ഇടപെട്ട് നിരീക്ഷണത്തിലാക്കി.