കൂത്തുപറമ്പ് : കോവിഡ് ബാധിതനായ ഓട്ടോഡ്രൈവർക്കും കുടുംബത്തിനും മാങ്ങാട്ടിടം ഗ്രാമപ്പഞ്ചായത്തിലെ സന്നദ്ധ വൊളന്റിയർമാർ വീടൊരുക്കിനൽകി. കഴിഞ്ഞദിവസം ആമ്പിലാടിൽ കോവിഡ് പോസിറ്റീവായ ഗൃഹനാഥനും രോഗലക്ഷണങ്ങളില്ലാത്ത ഭാര്യയും രണ്ട് മക്കൾക്കുമാണ് ഇവർ താമസസൗകര്യം ഒരുക്കിയത്.. ഇവരെല്ലാവരും ഒരുവീട്ടിലായിരുന്നു താമസം. നിർമാണത്തിലിരിക്കുന്ന വീടായതിനാൽ ഒരു മുറിയിൽ മാത്രമേ താമസൗകര്യമുള്ളൂ. മേൽക്കൂരയുടെ പണി പൂർത്തിയാവാത്തിനാൽ മഴയിൽ വെള്ളംകയറി രണ്ടുകുട്ടികളുൾപ്പെടെ നാല് പേരടങ്ങുന്ന കുടുംബം ഏറെ പ്രയാസപ്പെട്ടാണ് കഴിഞ്ഞിരുന്നത്. വിവരമറിഞ്ഞ് പഞ്ചായത്തംഗവും സി.പി.എം. അയ്യപ്പൻതോട് ബ്രാഞ്ച് സെക്രട്ടറിയുമായ എൻ.ഷാജൻ സന്നദ്ധവൊളന്റിയർമാരെ ഉപയോഗപ്പെടുത്തി തൊട്ടടുത്തുതന്നെയുള്ള തറവാടുവീട് താമസത്തിനായി സൗകര്യപ്പെടുത്തുകയായിരുന്നു. ഐ.ആർ.പി.സി. മാങ്ങാട്ടിടം ഇൗസ്റ്റ് ലോക്കൽ കൺവീനർ എൻ.പി.അജേഷ്, വാർഡംഗം എൻ.അജിഷ്‌ണ, വൊളന്റിയർമാരായ പി.ജിബിൻ, ടി.ഉഷാജ്, ടി.പി.ഷിപുൺലാൽ, വളയങ്ങാടൻ പ്രസാദ്, പി.നകുൽ, എം.പി.ആഷിക്, സി.വൈശാഖ് എന്നിവർ നേതൃത്വം നൽകി.