പയ്യന്നൂർ : ലോക്ഡൗണിന്റെ സാഹചര്യത്തിൽ വിപണിയിൽ അവശ്യസാധനങ്ങളുടെ പൂഴ്ത്തിവെയ്പും അമിതവില ഈടാക്കലും നിയന്ത്രിക്കുന്നതിനായി കളക്ടർ രൂപവത്കരിച്ച സംയുക്ത പരിശോധനാ സ്‌ക്വാഡ് രംഗത്ത്. ചൊവ്വാഴ്ച പയ്യന്നൂർ, മാത്തിൽ, ചൂരൽ, പെരുമ്പ ഭാഗങ്ങളിലാണ് സംഘം പരിശോധന നടത്തിയത്.

അമിതലാഭമെടുത്ത് പച്ചക്കറികൾക്ക് വ്യത്യസ്ത വില ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെടുകയും ആദ്യഘട്ടമെന്ന നിലയിൽ വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരേ തുടർനടപടികൾ സ്വീകരിക്കും. വരും ദിവസങ്ങളിൽ കർശന പരിശോധനകൾ തുടരുമെന്നും ക്രമക്കേടുകൾ നടത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുകയും ക്രമരഹിതമായി വിതരണംചെയ്യുന്ന സാധനങ്ങൾ സർക്കാരിലേയ്ക്ക് കണ്ടുകെട്ടുകയുംചെയ്യും.

ചൊവ്വാഴ്ച 12 സ്ഥാപനങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തുകയും അവയ്ക്കെതിരേ നടപടികൾ സ്വീകരിക്കുകയുംചെയ്തു. താലൂക്ക് സപ്ലൈ ഓഫീസറുടെ അധിക ചുമതല വഹിക്കുന്ന പി.അനീഷ്, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ എം.സുജയ, റേഷനിങ് ഇൻസ്പെക്ടർമാരായ ടി.സി.അരുൺകുമാർ, എം.കെ.സെയ്ഫുദ്ദീൻ, എ.വി.മഞ്ജുഷ എന്നിവർ പങ്കെടുത്തു.