കണ്ണൂർ : കെ.ആർ.ഗൗരിയമ്മയുടെ വിയോഗത്തോടെ കേരളത്തിന് വെളിച്ചം പകർന്ന വിപ്ലവ ജ്വാല അണഞ്ഞുപോയെന്ന് മന്ത്രി കടന്നപ്പള്ളി അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. കേരള രാഷ്ട്രീയ ചരിത്രത്തിലെ നിത്യവിസ്മയമായി അവർ ഇനിയും നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

തലശ്ശേരി : ഗൗരിയമ്മയുടെ വിയോഗത്തിലൂടെ വിപ്ലവനക്ഷത്രമാണ് അസ്തമിച്ചിരിക്കുന്നതെന്ന് ബി.ഡി.ജെ.എസ്‌. ജില്ലാ കമ്മിറ്റി അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. കമ്യൂണിസത്തിലെ സവർണ പുരുഷ മേധാവിത്വത്തിനുമുന്നിൽ തലകുനിച്ചുനിൽക്കാതെ രാഷ്ട്രീയ ദർശനത്തിലൂടെ നാടിനെ സേവിക്കുകയായിരുന്നു ഗൗരിയമ്മയെന്നും ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

കണ്ണൂർ : കെ. ആർ.ഗൗരിയമ്മയുടെ നിര്യാണത്തിൽ ലോക് താന്ത്രിക് യുവ ജനതാദൾ ജില്ലാ കമ്മിറ്റി അനുശോചിച്ചു . യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് ഉത്തമൻ വേലിക്കാത്ത് അധ്യക്ഷത വഹിച്ചു. കെ.പി. പ്രശാന്ത്, റിനിൽ . കെ.പി, പി.കെ കുബീബ് ചന്ദ്രശേഖരൻ പട്ടുവം എന്നിവർ സംസാരിച്ചു

കണ്ണൂർ : സാഹിത്യത്തിന്റെയും സാംസ്കാരികപ്രവർത്തനത്തിന്റെയും പുത്തൻവഴി തുറന്നിട്ട സാഹിത്യകാരനും സാംസ്കാരികപ്രവർത്തകനുമായ മാടമ്പ് കുഞ്ഞുക്കുട്ടന്റെ വിയോഗം ദേശീയ പ്രസ്ഥാനങ്ങൾക്ക് നികത്താനാകാത്തതാണെന്ന് ആധ്യാത്മികപ്രഭാഷകരുടെ ദേശീയസംഘടനയായ ആർഷസംസ്കാരഭാരതി ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു. ഓൺലൈൻ അനുശോചനയോഗത്തിൽ കെ.എൻ.രാധാകൃഷ്ണൻ, ഉണ്ണിക്കൃഷ്ണ വാരിയർ പട്ടാന്നൂർ, പ്രവീൺ പനോന്നേരി, മുരളീധരവാരിയർ കല്യാശ്ശേരി, കെ.എം.രാമചന്ദ്രൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.