ചെറുപുഴ : കോവിഡ് പ്രോട്ടോകോൾ പാലിച്ചുള്ള ശവസംസ്‌കാരച്ചടങ്ങിന് നേതൃത്വം നൽകാൻ പെൺകുട്ടികളും. കഴിഞ്ഞദിവസം കോവിഡ് പ്രോട്ടോകോൾ പാലിച്ച് ജോസ്ഗിരിയിൽ നടന്ന ശവസംസ്‌കാരച്ചടങ്ങിന് നേതൃത്വം നൽകിയ ജിസ്‌ന വെള്ളിയാങ്കണ്ടത്തിലിന് അഭിനന്ദനപ്രവാഹമാണ്.

ഡി.വൈ.എഫ്.ഐ.യുടെ യൂണിറ്റ് ഭാരവാഹിയായ ജിസ്‌ന ചെറുപുഴ പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിനുള്ള സന്നദ്ധപ്രവർത്തക കൂടിയാണ്. ജിസ്‌നയ്ക്കൊപ്പം ഡി.വൈ.എഫ്.ഐ. പ്രവർത്തകരായ സുബിൻ ഇല്ലിക്കുന്നുംപുറത്ത്, എബി വെള്ളിയാംകണ്ടത്തിൽ, രഞ്ജിത്ത് വെട്ടിക്കൊമ്പിൽ, ബിബിൻ ഇളയിടത്ത്, അജിത്ത് കല്ലിങ്കൽ, സന്നദ്ധപ്രവർത്തകനായ കിരൺ പുറംചിറ എന്നിവരും ഉണ്ടായിരുന്നു. ടി.ടി.സി. പാസായിട്ടുള്ള ജിസ്‌ന എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെ കഴിഞ്ഞ ലോക്ഡൗണിൽ നാട്ടിലേക്ക് തിരിച്ചെത്തിയതാണ്.

കോവിഡ് ബാധിച്ച് പുളിങ്ങോത്ത് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരോടൊപ്പം പുളിങ്ങോം സ്വദേശിയുമായ റിൻസി തോമസ് ഓടയ്ക്കലും സജീവമായിരുന്നു.

ചെറുപുഴ നവജ്യോതി കോളേജിലെ ഒന്നാം വർഷ ബി.സി.എ. വിദ്യാർഥിനിയാണ്. യൂത്ത് കോൺഗ്രസിന്റെയും കെ.എസ്.യു.വിന്റെയും സജീവ പ്രവർത്തകയായ റിൻസി തോമസ് ചെറുപുഴ നവജ്യോതി കോളേജിലെ കെ.എസ്.യു. വനിതാ പ്രവർത്തകരുടെ കൂട്ടായ്മയായ സ്നേഹിതയുടെ ജോയിന്റ്‌ കൺവീനർ കൂടിയാണ്.

റിൻസി തോമസിനോടൊപ്പം യൂത്ത് കോൺഗ്രസ് -കെ.എസ്.യു. പ്രവർത്തകരായ എം. ബിബിൻ രാജ്, പി. മിഥുൻ, സി.എം. നിസാർ, പ്രണവ് കരേള എന്നിവർ ശവസംസ്കാരത്തിന് നേതൃത്വം നൽകി. സാധാരണക്കാർപോലും പി.പി.ഇ. കിറ്റ് ധരിച്ച് കോവിഡ് ബാധിതരുടെ മൃതദേഹം സംസ്കരിക്കാൻ മടിക്കുമ്പോൾ മുന്നോട്ട് വന്ന പെൺകുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ അഭിനന്ദനപ്രവാഹമാണ്.