ചക്കരക്കല്ല് : പോലീസ് സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ചമുതൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ചക്കരക്കല്ല് ടൗൺ തിങ്കളാഴ്ച ജനബാഹുല്യംകൊണ്ട് വീർപ്പുമുട്ടി. രാവിലെത്തന്നെ കടകൾക്ക് മുന്നിൽ നല്ല തിരക്കനുഭവപ്പെട്ടു.
രണ്ടാഴ്ചത്തേക്ക് വേണ്ടുന്ന സാധനങ്ങൾ ഒറ്റദിവസംകൊണ്ട് വാങ്ങാനെത്തിയവരുടെ തിരക്കാണ് വൈകീട്ടുവരെ ഓരോ കടയ്ക്ക് മുന്നിലും കണ്ടത്. റേഷൻകടകളിലും നല്ല തിരക്കായിരുന്നു. ചെമ്പിലോട്, അഞ്ചരക്കണ്ടി ഗ്രാമപ്പഞ്ചായത്തുകളുടെ ഗ്രാമീണമേഖലയിലെ കടകളിലും നല്ല തിരക്കായിരുന്നു. പലയിടത്തും നിയന്ത്രണങ്ങൾ പാലിക്കുന്നത് പരാജയപ്പെട്ടു.
ഉറവിടമറിയാത്ത സമ്പർക്ക കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലായിരുന്നു ഇവിടെ ലോക്ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ രണ്ടാഴ്ചത്തേക്കാവശ്യമായ സാധനം ശേഖരിക്കുന്നതിനാലാണ് ഇത്രയും തിരക്ക് അനുഭവപ്പെട്ടത്. തിരക്ക് നിയന്ത്രിക്കാൻ പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടി ഉണ്ടായില്ല. 25-ലധികം പോലീസുകാർ ക്വാറൻറീനിലായതോടെ സ്റ്റേഷനിൽ വളരെ കുറച്ചുപേർ മാത്രമേ ഉണ്ടായുള്ളൂ.
ചൊവ്വാഴ്ചമുതൽ ചെമ്പിലോട്, അഞ്ചരക്കണ്ടി പ്രദേശങ്ങൾ പൂർണമായി അടച്ചിടും. കണ്ണൂർ കോർപ്പറേഷനിലെ വാരം, എളയാവൂർ, കാപ്പാട് ഭാഗങ്ങളിലും നിയന്ത്രണമേർപ്പെടുത്തും.
ഈ പ്രദേശങ്ങൾ ഉൾപ്പെടെ മുണ്ടയാടുമുതൽ അഞ്ചരക്കണ്ടിവരെ പ്രത്യേക ക്ലസ്റ്റർ രൂപവത്കരിക്കും. ചെമ്പിലോട് പഞ്ചായത്ത് മുഴുവനും അഞ്ചരക്കണ്ടി പഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച് ഒഴികെ മുഴുവൻ വാർഡുകളും കോർപ്പറേഷൻ 15 മുതൽ 22 വരെയും 30-ഉം ഡിവിഷനുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളാണ് അടച്ചിടുക. മുണ്ടേരി പഞ്ചായത്തിന്റെ ഒന്നാം വാർഡിൽപ്പെട്ട ചൂള, പെരളശ്ശേരി പഞ്ചായത്തിൽപ്പെട്ട ബാവോഡ് എന്നീ പ്രദേശങ്ങളിലും ലോക്ഡൗൺ ബാധകമാണ്.
ലോക്ഡൗൺ നടപ്പാക്കുന്നത് സംബന്ധിച്ച് നടന്ന യോഗത്തിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.സി. മോഹനൻ, ഡിവൈ.എസ്.പി. പി.പി. സദാനന്ദൻ, എസ്.ഐ. ബിജു പ്രകാശ്, പഞ്ചായത്ത് പ്രസിഡന്റുമാർമാരായ ടി.വി. സീത, എ. പങ്കജാക്ഷൻ, ടി.വി. ലക്ഷ്മി, വിവിധ രാഷ്ടീയകക്ഷി പ്രതിനിധികൾ, വ്യാപാരി വ്യസായി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.ജനബാഹുല്യത്താൽ വീർപ്പുമുട്ടിപോലീസിന്റെ ഏകപക്ഷീയ തീരുമാനമെന്ന് കോർപ്പറേഷൻ മാനേജ്മെന്റ് കമ്മിറ്റി
കണ്ണൂർ : കളക്ടറുടെയും സർക്കാരിന്റെയും നിർദേശങ്ങൾക്ക് വിരുദ്ധമായി കോവിഡുമായി ബന്ധപ്പെട്ട അടച്ചിടൽ പോലീസ് ഏകപക്ഷീയമായി തീരുമാനിക്കുന്നുവെന്ന് കണ്ണൂർ കോർപ്പറേഷൻ തല മാനേജ്മെന്റ് കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.
ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കോർപ്പറേഷൻ ഡിവിഷനുകൾ അടച്ചിടാൻ ഏകപക്ഷീയമായാണ് പോലീസ് തീരുമാനിച്ചതെന്ന് യോഗം ആരോപിച്ചു. ചേലോറ സോണലിലെ 15 മുതൽ 20 വരെ ഡിവിഷനുകളും 30-ാം ഡിവിഷനും എളയാവൂർ സോണലിലെ 21, 22 ഡിവിഷനുകളുമാണ് കോർപ്പറേഷൻ പരിധിയിൽ അടയ്ക്കുന്നത്.
ഈ നടപടിയിൽ യോഗം പ്രതിഷേധിച്ചു. മേയർ സി.സീനത്ത് അധ്യക്ഷത വഹിച്ചു.
യോഗത്തിനുശേഷം കളക്ടർക്ക് പരാതി നൽകി. പല ഡിവിഷനുകളിലും അടച്ചിടേണ്ട സ്ഥിതിയില്ലെന്നും തീരുമാനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. കമ്മിറ്റിയുടെ കഴിഞ്ഞ മൂന്ന് യോഗങ്ങളിലും മുൻകൂട്ടി അറിയിച്ചിട്ടും ആരോഗ്യവകുപ്പിന്റെ പ്രതിനിധി പങ്കെടുക്കാത്തതിൽ യോഗം പ്രതിഷേധിക്കുകയും നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
റേഷൻകടകൾ തുറക്കുന്നതിനും ഹോം ഡെലിവറിക്കും നടപടി
ചക്കരക്കല്ല് : ചൊവ്വാഴ്ച മുതൽ ആരംഭിക്കുന്ന ലോക്‌ഡൗണിൽ നിശ്ചിത കൺടെയ്ൻമെന്റ് ഏരിയയിൽ റേഷൻകടകൾ തുറക്കുന്നതിനും അവശ്യസാധനങ്ങളുടെ ഹോം ഡെലിവറിക്കും സൗകര്യമുണ്ടാക്കാൻ ശ്രമിക്കുമെന്ന് ചക്കരക്കല്ല് ഇൻസ്പെക്ടർ കെ.വി.പ്രമോദൻ പറഞ്ഞു. തദ്ദേശ സ്വയംഭരണ പ്രതിനിധികളുമായി ചർച്ചചെയ്ത് ഇക്കാര്യത്തിൽ തീരുമാനമുണ്ടാക്കും.
മുണ്ടേരി ഒന്നാംവാർഡ് പ്രത്യേക കൺടെയ്ൻമെന്റായി നിലനിൽക്കും.
റോഡുകൾ അതിർത്തിയായി നിശ്ചയിച്ച് കൺടെയ്ൻമെന്റ് സോണുകൾ നിർണയിക്കുമ്പോൾ ഗ്രാമപ്പഞ്ചായത്തിലെ മറ്റു ചില സ്ഥലങ്ങളുടെ ചെറിയ ഭാഗങ്ങളും ലോക്‌ഡൗണിൽ ഉൾപ്പെടും. റോഡ് അതിർത്തിയായി വരുന്ന സ്ഥലങ്ങളിൽ ഇരുഭാഗത്തെയും കടകളും അടച്ചിടും. അതേസമയം ഏച്ചൂർ, അഞ്ചരക്കണ്ടി, താഴെചൊവ്വ എന്നിവിടങ്ങളിൽ പരിശോധനയ്ക്കായി താത്കാലിക പോലീസ് എയ്‌ഡ് പോസ്റ്റ് ഒരുക്കും. കൺടെയ്ൻമെന്റ് സോണിലുള്ളവർ പുറത്തേക്കോ പുറത്തുള്ളവർ കൺടെയ്ൻമെന്റ് സോണിലേക്കോ പ്രവേശിക്കുന്നില്ല എന്നുറപ്പ് വരുത്തുകവഴി സമ്പർക്കം പൂർണമായും തടയുകയാണ് ലക്ഷ്യം.