താഴെചൊവ്വ : കനത്ത മഴയുണ്ടായാൽ എല്ലാവർഷവും താഴെചൊവ്വ-എളയാവൂർ റോഡ്, പുളുക്കൂൽപ്പാലം മേഖലയിൽ താമസിക്കുന്നവർ വീടൊഴിയേണ്ടിവരും. ഇക്കുറിയും അതുണ്ടായി.
രണ്ടുദിവസത്തെ തുടർച്ചയായ മഴയിൽ വെള്ളം അടുക്കളയിലും കിടപ്പുമുറിയിലും എന്തിനേറെ കോണിപ്പടിയിലും കയറി. രാത്രി രക്ഷയില്ലാതെ പലരും വീടിന്റെ മുകളിൽ കയറി രക്ഷപ്പെടുകയായിരുന്നു. ബാക്കിയുള്ളവർ ബന്ധുവിടുകളിലേക്ക് മാറി. ചീപ്പ് റോഡടക്കുള്ള മേഖലയിലെ 150-ഓളം കുടുംബങ്ങളാണ് വീട്ടിൽ താമസിക്കാൻ പറ്റാത്ത സ്ഥിതിയിലായത്. ചൊവ്വാഴ്ച മഴ കുറഞ്ഞിട്ടും വെള്ളമിറങ്ങിയില്ല. തുടർച്ചയായ മൂന്നാമത്തെ വർഷമാണ് ഈ സ്ഥിതി.
വെള്ളം കയറിയതോടെ താഴെചൊവ്വ-എളയാവൂർ റോഡിൽ വാഹനഗതാഗതം പൂർണമായി നിലച്ചു. പുഴ പോലെയായി ചുറ്റും. അതോടെ രണ്ടുദിവസം ജനങ്ങൾ കൂടുതൽ ഒറ്റപ്പെട്ട സ്ഥിതിയിലുമായി. വെള്ളം കയറിയതോടെ മിക്ക വീടുകൾക്കും കേടുപാടുണ്ടായി. അഴുക്കുവെള്ളത്തോടൊപ്പം കക്കൂസ് മാലിന്യവും ചുറ്റും പടർന്നു. തുണികളും വീട്ടുപകരണങ്ങളും കേടായി. അകത്ത് മുഴുവൻ ചെളിയും മാലിന്യങ്ങളുമാണ്. ഇതൊക്കെ വൃത്തിയാക്കണമെങ്കിൽ എത്ര പണം വേണം -ഒരു വീട്ടമ്മ ചോദിക്കുന്നു.
കാനാമ്പുഴ നവീകരണത്തിന് കോടികളുടെ വാഗ്ദാനങ്ങളും ശുചീകരണയജ്ഞവും ഇവിടെ നടന്നതാണ്.
അതിന് നേതൃത്വം നൽകിയത് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി തന്നെയായിരുന്നു. കാനാമ്പുഴയിൽ നീരൊഴുക്ക് നിലച്ചതാണ് വെള്ളം കയറാൻ കാരണം. താഴെചൊവ്വ പുതിയ പാലം നിർമാണവേളയിൽ പുഴയിലിട്ട മണ്ണും കല്ലും നീക്കാത്തതാണ് പ്രശ്നമായത്. ഈ മണ്ണ് നീക്കണമെന്ന് നാട്ടുകാർ പലതവണ ആവശ്യപ്പെട്ടതാണ്. പക്ഷേ, ഒന്നും നടന്നില്ല.
വെള്ളമിറങ്ങിയാലും കുറേക്കാലത്തേക്ക് കിണറ്റിലെ വെള്ളംപോലും കുടിക്കാൻ പറ്റാത്ത സ്ഥിതിയാണ്.
അധികൃതരുടെ അനാസ്ഥയാണ് ഇതിനു കാരണം -താഴെ ചൊവ്വ സ്വദേശിയായ സോമസുന്ദരൻ പറഞ്ഞു.