ഇരിട്ടി : മണ്ണിടിച്ചിലിനെയും വെള്ളപ്പൊക്കഭീഷണിയെയും തുടർന്ന് ഇരിട്ടി മേഖലയിൽ 136 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. രണ്ട് വീടുകൾ പൂർണമായും 30 വീടുകൾ ഭാഗികമായും തകർന്നു. ഉളിയിൽ മേഖലയിൽ മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. നരയംമ്പാറ താഴെ മാത്രക്കാൽ എം. മുനീറിന്റെ വീട് മരം വീണ് ഭാഗികമായി തകർന്നു.
കല്ലേരിക്കലിലെ എം.കെ. അലീമയുടെ വീടും എം.കെ. സാറയുടെ വീടും തകർന്നു. ഉളിയിൽ ആവിലാട്ടെ എ.കെ. ശോഭനയുടെ പശുത്തൊഴുത്തും പൂർണമായും തകർന്നു. കല്ലേരിക്കൽ, പാച്ചിലാളം, ഉളിയിൽ ഭാഗങ്ങളിൽ വെള്ളപ്പൊക്കഭീഷണിയെത്തുടർന്ന് 20-ഓളം കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിത്താമസിപ്പിച്ചു.
തകർന്ന വീടുകൾ നഗരസഭാ കൗൺസിലർമാരായ എം.പി. അബ്ദുറഹ്‌മാനും ടി.കെ. ഷരീഫയും സന്ദർശിച്ചു. പായം പഞ്ചായത്തിലെ കടത്തുകടവിൽ കണ്ണിക്കരിയിൽ തെരുവമലയിൽ ടി.കെ. സുഭീഷിന്റെ വീടിനോടു ചേർന്ന അരികുഭിത്തി കനത്ത മഴയിൽ ഇടിഞ്ഞു. ഒൻപത് മീറ്ററോളം ഉയരത്തിൽ കെട്ടിയുയർത്തിയ ചെങ്കൽഭിത്തിയാണ് ഇടിഞ്ഞുനിരങ്ങി വീടിന്റെ ഭിത്തിയിലും വരാന്തയിലുമായി തകർന്നുവീണത്.
സ്വകാര്യവ്യക്തിയുടെ കൂറ്റൻ മതിൽ ഇടിഞ്ഞുവീണ് വീട് ഭാഗികമായി തകർന്നു. മുഴക്കുന്ന് അടക്കാപ്പീടികയിലെ ശ്രീവത്സത്തിൽ മനോഹരന്റെ വീടിന്റെ അടുക്കളഭാഗമാണ് തകർന്നത്. കുയിലൂരിൽ ഒ. പദ്‌മനാഭന്റെ വീടിന് മുകളിലേക്ക് മരം വീണ് നാശനഷ്ടം ഉണ്ടായി. എ.കെ. വേണുഗോപാലന്റെ വീട്ടിൽ വെള്ളം കയറി.