കടവത്തൂർ: കണ്ണൂർ-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ച് മയ്യഴി പുഴയ്ക്ക് കുറുകെ തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ കല്ലാച്ചേരിക്കടവിന് പാലം നിർമിക്കാൻ പദ്ധതി. കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ ഈ പാലത്തിന്റെ നിർമാണത്തിനായി കിഫ്ബി വഴി 10.14 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.കെ. ശൈലജയുടെ ഓഫീസ് അറിയിച്ചു. സാങ്കേതികാനുമതി ലഭ്യമായാൽ പാലത്തിന്റെ നിർമാണ പ്രവർത്തനം ഉടൻ ആരംഭിക്കും .

ജില്ലയിലെ തൃപ്രങ്ങോട്ടൂർ പഞ്ചായത്തിനെയും കോഴിക്കോട് ജില്ലയിലെ എടച്ചേരി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതാണ് പാലം. കടവത്തൂർ ഇരഞ്ഞീൻകീഴിൽ വഴി കല്ലാച്ചേരിക്കടവുവരെയും ഇരിങ്ങണ്ണൂരിൽ നിന്ന് കല്ലാച്ചേരിക്കടവ് വരെയും റോഡുണ്ട്. ഇപ്പോൾ കടത്തുതോണിയാണ് ആശ്രയം.

കൂത്തുപറമ്പ് ,പാനൂർ, കടവത്തൂർ മേഖലയിലെ ആളുകൾക്ക് വടകര, നാദാപുരം ഭാഗത്തേക്കും കോഴിക്കോട് ജില്ലയിലെ എടച്ചേരി, തൂണേരി ഭാഗങ്ങളിലെ ആളുകൾക്ക് പാനൂർ ഉൾപ്പെടെ ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കും എത്താനുള്ള മാർഗം കൂടിയാണിത്. വർഷങ്ങൾക്കുമുൻപുതന്നെ ഇവിടെ പാലം പണിയാനുള്ള നീക്കം ആരംഭിച്ചിരുന്നുവെങ്കിലും സ്ഥലമുടമകളുമായുള്ള തർക്കം തുടർന്നു.

ഈ ഭാഗത്തെ ആളുകൾ ഏറെക്കാലമായി കാത്തിരിക്കുന്ന പദ്ധതി ഉടൻ പ്രാവർത്തികമാക്കും എന്ന മന്ത്രിയുടെ ഉറപ്പിലാണ് ഇനി നാട്ടുകാർക്ക് പ്രതീക്ഷ.

content highlights; 10 crore allowded for kallacherrykadavu bridge