ധർമശാല : ജനകീയാസൂത്രണ പദ്ധതി മുഖേന ആന്തൂർ നഗരസഭാ പരിധിയിലെ ആയിരം വീടുകളിൽ അടുക്കളത്തോട്ടമൊരുക്കുന്നു. രണ്ടുസെന്റ് സ്ഥലത്ത് വെണ്ട, പച്ചമുളക്, പയർ, തക്കാളി, വഴുതന, കാബേജ്, കോളിഫ്ലവർ എന്നീ ഇനങ്ങളുടെ 50 തൈകൾ നട്ടുപിടിപ്പിച്ചാണ് അടുക്കളത്തോട്ടമൊരുക്കുക.

20-നകം 28 വാർഡുകളിലായാണ് 1000 അടുക്കളത്തോട്ടം ഒരുക്കുന്നത്. ജനുവരിയോടുകൂടി നഗരസഭയിലെ വിവിധ പാടശേഖരങ്ങളിലായി 125 ഏക്കർ സ്ഥലത്ത് പച്ചക്കറികൃഷിയും ഇതോടൊപ്പം ആരംഭിക്കും. പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം ഞാത്തിലിൽ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ നിർവഹിച്ചു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ വി. സതീദേവി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കൃഷി ഓഫീസർ ടി.ഒ. വിനോദ്‌കുമാർ പദ്ധതി വിശദീകരിച്ചു. കെ.വി. പ്രേമരാജൻ, എം. ആമിന, ഓമന മുരളീധരൻ, കെ.പി. ഉണ്ണികൃഷ്ണൻ, ടി. മനോഹരൻ, ടി. നാരായണൻ എന്നിവർ സംസാരിച്ചു.