തലശ്ശേരി : ആരോഗ്യപ്രവർത്തകർക്കും കോവിഡ് മുൻനിര പോരാളികൾക്കും വാക്സിൻ ബൂസ്റ്റർ ഡോസ് നൽകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തലശ്ശേരി ശാഖാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഒമിക്രോൺ വ്യാപന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യമുന്നയിക്കുന്നത്.

പുതിയ വകഭേദത്തിന്റെ വ്യാപനശേഷി സംബന്ധിച്ച് വ്യക്തതയില്ല. അതിനാൽ മുന്നൊരുക്കം ആവശ്യമാണ്. തലശ്ശേരി നഗരസഭയിലെ വാർഡുകളിൽ സർവേ നടത്തി കൂടുതൽ ആരോഗ്യപ്രശ്നമുള്ള വാർഡ് ഐ.എം.എ. ഏറ്റെടുക്കും. അവിടെ മെഡിക്കൽ ക്യാമ്പുകളും ചികിത്സാസൗകര്യവുമൊരുക്കും.

വിവിധ സന്നദ്ധസംഘടനകൾക്ക് പ്രാഥമിക സഹായ ക്ലാസ് ഉൾപ്പെടെ നൽകും. സ്കൂൾതലത്തിൽ സ്കൗട്ട്‌സ്, എൻ.സി.സി. കുട്ടികൾക്കും ആംബുലൻസ് ഡ്രൈവർമാർക്കും ക്ലാസുകൾ നൽകും. പലതരത്തിലുള്ള ചികിത്സാരീതികളുണ്ട്. ഇതിനൊന്നും ഐ.എം.എ. എതിരല്ല. എന്നാൽ, പലതരം ചികിത്സാരീതികൾ ഒന്നിപ്പിച്ച് സങ്കരവൈദ്യം നടപ്പാക്കുന്നത് ആരോഗ്യത്തിന് ആപത്താണ്.

പ്രകോപനമില്ലാതെ ആസ്പത്രിക്കും ആരോഗ്യപ്രവർത്തകർക്കുമെതിരേയുള്ള അക്രമത്തിനെതിരേ നിയമനിർമാണം നടത്തണം. തലശ്ശേരി ശാഖാ പ്രസിഡന്റ് ഡോ. മിനി ബാലകൃഷ്ണൻ, സെക്രട്ടറി ഡോ. അരവിന്ദ് സി. നമ്പ്യാർ, ഡോക്ടർമാരായ ടി.എൻ. ബാബു രവീന്ദ്രൻ, വി.പി. സുരേന്ദ്രബാബു, കെ. ശശിധരൻ, ജോണി സെബാസ്റ്റ്യൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.