തളിപ്പറമ്പ് : 'മനം ശുദ്ധമാക്കാം, മണ്ണ് സുന്ദരമാക്കാം' എന്ന മുദ്രാവാക്യവുമായി അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന മൈൻഡ് ട്യൂൺ ഇക്കോ വേവ്സിന്റെ കണ്ണൂർ ജില്ലാതല മൈൻഡ് ഫെസ്റ്റും പക്ഷിക്ക് കുടിനീർ പദ്ധതി ഉദ്ഘാടനവും ധർമശാലയിൽ നടന്നു. മൈൻഡ് ഫെസ്റ്റ് ഉദ്ഘാടനം മന്ത്രി വെൽനെസ് സെന്ററിൽ സീക്ക് ഡയറക്ടർ ടി.പി.പദ്മനാഭൻ നിർവഹിച്ചു. നമ്മുടെ കുട്ടികളെ ഇപ്പോൾ 'നേച്ചർ ഡിവിഷ്യൻസി സിൻഡ്രോം' ബാധിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംഘടനയുടെ കേരള ചാപ്റ്റർ ചെയർമാൻ വടയക്കണ്ടി നാരായണൻ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ശോഭീന്ദ്രൻ ഹരിതസന്ദേശം നൽകി. സെക്രട്ടറി ജനറൽ ഖദീജ നർഗീസ്, കെ.പ്രഭാകരൻ, അബ്ദുള്ള സൽമാൻ, സുമ പള്ളിപ്രം, ബഷീർ വടകര, വി.വി.മജീദ്, സാജൻ ജോസഫ് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന മൈൻഡ് ഫെസ്റ്റ് സെമിനാർ മൈൻഡ് ട്യൂണർ സി.എ.റസാഖ് നയിച്ചു. മെഡിറ്റേഷൻ ഉൾപ്പെടെ മനസ്സിനെ നിർമലമാക്കുന്ന വിവിധ ക്രിയാരീതികളാണ് സെമിനാറിൽ അവതരിപ്പിച്ചത്. ജില്ലാതല കളരിപ്പയറ്റ് മത്സരത്തിൽ വിജയികളായ വിദ്യാർഥികളെ ആദരിച്ചു.

പക്ഷിക്ക് കുടിനീർപദ്ധതിയുടെ ഉദ്ഘാടനം ധർമശാല കവലയിലെ മരക്കൊമ്പിൽ തൂക്കിയിട്ട പാത്രത്തിൽ വെള്ളം നിറച്ചുകൊണ്ട് പ്രൊഫ. ശോഭീന്ദ്രൻ നിർവഹിച്ചു.

സംഘടനയുടെ പത്തൊൻപതിനായിരത്തിലേറെ വരുന്ന കുടുംബങ്ങൾ അവരുടെ സ്ഥാപനങ്ങൾക്കും വീടുകൾക്കും സമീപം ഒരു പരന്ന പാത്രത്തിൽ വെള്ളം വെക്കുന്ന പദ്ധതിയാണിത്. ദിവസവും പാത്രം നിറച്ചുവെക്കും. പ്രകൃതിയിലെ വിഭവങ്ങൾ എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ് എന്ന ബോധം ഉറപ്പിക്കാനാണ് ഈ പദ്ധതി നടപ്പാക്കുന്നത്. വടയക്കണ്ടി നാരായണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്തൂർ നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി.പ്രേമരാജൻ, വാർഡ് കൗൺസിലർ കെ.പ്രകാശൻ എന്നിവർ പങ്കെടുത്തു.