ഇരിട്ടി : ആറളം ഫാമിന്റെ പ്രതാപകാലത്ത് വരുമാനം ചുരത്തിയ റബ്ബർ മരങ്ങൾ വിസ്മൃതിയിലേക്ക്. അരനൂറ്റാണ്ടോളം ഫാമിന്റെ ആറാം ബ്ലോക്കിൽ 10 ഹെക്ടറിൽ പച്ചവിരിച്ചുനിന്ന മരങ്ങളാണ് ആവർത്തന കൃഷിയുടെ ഭാഗമായി മുറിച്ചുനീക്കാൻ തുടങ്ങിയത്. മലയോര മേഖലയിൽ റബ്ബർ വേരുപിടിച്ചുവരുന്ന കാലത്തിനും എത്രയോമുമ്പ് ഫാമിൽ റബ്ബർമരങ്ങൾ തഴച്ചുവളരാൻ തുടങ്ങിയിരുന്നു. 1975-80 കാലഘട്ടങ്ങളിൽ നട്ട മരങ്ങളാണ് മുറിക്കുന്നത്. ഫാമിൽ കൂടുതൽ ഹെക്ടറിൽ കൃഷിയിറക്കിയ തെങ്ങിൽനിന്നും കശുമാവിൽനിന്നും ലഭിക്കുന്നതിന്റെ ഇരട്ടിവരുമാനം റബ്ബറിൽനിന്ന് ലഭിച്ചിരുന്നു. ഉത്പാദനക്ഷമത തീരെ കുറഞ്ഞതോടെ കൂറ്റൻമരങ്ങൾ വെട്ടിമാറ്റി കൂടുതൽ ഹെക്ടറിൽ റബ്ബർ ആവർത്തനകൃഷിയും ബാക്കിസ്ഥലങ്ങളിൽ മറ്റ് വിളകളും കൃഷിനടത്താനുമാണ് തീരുമാനം.

റബ്ബർത്തടികൾക്ക് ഇക്കുറി റെക്കോഡ് വില ലഭിച്ചതും അനുഗ്രഹമായി. 1.88 കോടി രൂപയാണ് മരംവില്പനയിലൂടെ ഫാമിന് ലഭിച്ചത്. മത്സരാടിസ്ഥാനത്തിൽ നടത്തിയ ലേലത്തിൽ പങ്കെടുത്തത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ 23-ഓളം വൻകിട പ്ലൈവുഡ് കമ്പനി ഉടമകളാണ്. നേരത്തേ വിവിധ പ്ലോട്ടുകളായാണ് ലേലം ചെയ്തിരുന്നതെങ്കിൽ ഇക്കുറി ഹെക്ടർ മൊത്തമായി ലേലത്തിൽ വെക്കുകയായിരുന്നു. 4349 മരങ്ങളാണ് വില്പനയ്ക്കുണ്ടായിരുന്നത്. 45 വർഷത്തിനുമുകളിൽ പ്രായമായ കൂറ്റൻ തടികളായിരുന്നു മിക്കവയും. മൊത്തമായ ലേലത്തിലൂടെ ശരാശരി ഒരു തടിയിൽനിന്ന് പരമാവധി 4000 രൂപയെങ്കിലും ലഭിക്കുമെന്നായിരുന്നു ഫാം അധികൃരുടെ പ്രതീക്ഷ. എന്നാൽ അധികൃതരുടെ പ്രതീക്ഷയ്ക്കപ്പുറം ഉയർന്ന വിലയാണ് ടെൻഡറിൽ രേഖപ്പെടുത്തിയത്. ഒരുതടിക്ക് 4259 രൂപ ലഭിക്കുന്ന വിധത്തിലാണ് ലേലം പോയത്. ഇത് എക്കാലത്തെയും മികച്ച വിലയാണെന്നാണ് അധികൃതർ പറയുന്നത്. എറണാകുളത്തെ പ്ലൈവുഡ് കമ്പനി ഉടമയാണ് തടികൾ എടുത്തത്.

10 ഹെക്ടറിൽ റബ്ബർ പുതുകൃഷിയും ഹ്രസ്വകാലവിളയും നടത്തുന്നതിനാണ് ആദായം കിട്ടാത്ത റബ്ബർമരങ്ങൾ മുറിച്ചുനീക്കുന്നതെന്ന് ഫാം എം.ഡി. എസ്.ബിമൽഘോഷ് പറഞ്ഞു. നേരത്തേ കശുമാവും റബ്ബറും മുറിച്ചുനീക്കിയ സ്ഥലത്ത് കാട്ടാനശല്യംമൂലം മറ്റ് വിളകളൊന്നും കൃഷിയിറക്കാൻ കഴിയാത്തതിനാൽ മഞ്ഞൾ കൃഷിയിറക്കി. ഇപ്പോൾ മരങ്ങൾ മുറിച്ചുനീക്കുന്ന ഭാഗങ്ങളിലും കാട്ടാനകൾ എത്താറുണ്ട്. സയബന്ധിതമായി മുറിച്ചുനീക്കൽ പൂർത്തിയാക്കി മറ്റ് കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഫാം അധികൃതർ.