ചാല : ടാങ്കർ ലോറി മറിഞ്ഞുവെന്ന വാർത്ത പരന്നപ്പോൾ 2012-ലെ ഉത്രാടത്തലേന്നുണ്ടായ ടാങ്കർ ദുരന്തത്തിന്റെ ഭീതിപ്പെടുത്തുന്ന ഓർമകളാണ് നാട്ടുകാരുടെ മനസ്സിൽ വന്നത്. മറിഞ്ഞ ടാങ്കറിൽനിന്ന്‌ വാതകം ചോരുന്ന വാർത്തകൾ കൂടി വന്നതോടെ പലരും ഭീതിയിലായി. വീട് അടച്ചുപൂട്ടി ആളുകൾ പല വഴിക്കോടി. ചിലർ വാഹനത്തിൽ കുടുംബാംഗങ്ങളുമായി സ്ഥലം വിട്ടു. ചിലർ സമീപത്തെ ബന്ധുവീടുകളിലേക്ക് പാഞ്ഞു.

ഒരു ദുരന്തംകൂടി താങ്ങാൻ കഴിയുന്ന മാനസികാവസ്ഥയിലായിരുന്നില്ല നാട്ടുകാർ. 20 പേരുടെ ജീവൻ അപഹരിച്ച 2012-ലെ ദുരന്തം നാട്ടുകാരുടെ മനസ്സിൽ വലിയ മുറിവുകളാണുണ്ടാക്കിയത്. ഇന്നും അതിന്റെ വേദനപേറി ജീവിക്കുന്നവർ നിരവധിയാണ്. രാത്രിയുടെ നിശ്ശബ്ദതയിൽ റോഡിൽനിന്നുണ്ടാകുന്ന സാധാരണമല്ലാത്ത ഏതൊരു ശബ്ദവും അവരിൽ പേടിയുയർത്തുന്നു.

ടാങ്കർ മറിഞ്ഞ് ചോർച്ച തുടങ്ങിയതോടെ പാചകവാതകത്തിന്റെ മണം കോയ്യോട്, പൊതുവാച്ചേരി, കാടാച്ചിറ ഭാഗങ്ങളിലെത്തി. വാർത്തയറിഞ്ഞതോടെ പലഭാഗത്തുനിന്നും ആളുകൾ വാഹനങ്ങളുമായി ചാലയിലേക്ക് പുറപ്പെട്ടു. ഇത് കൂടുതൽ അപകടത്തിനിടയാക്കുമെന്ന് ഭയന്ന് നാട്ടുകാരും പോലീസും കൂടി മൂന്നുഭാഗത്തും റോഡിൽ തടസ്സങ്ങൾ ഏർപ്പെടുത്തി.

സംഭവം നടന്ന് അല്പസമയത്തിനകം അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും എത്തിയിരുന്നു. ചോർച്ച തടയാനുള്ള അഗ്നിരക്ഷാസേനയുടെ ശ്രമം നടക്കുന്നതിനിടെ ആളുകളെ നിയന്ത്രിക്കാൻ പോലീസ് പണിപ്പെടുന്നുണ്ടായിരുന്നു. 500 മീറ്റർ ചുറ്റളവിൽനിന്ന് ആളുകൾ ഒഴിഞ്ഞുപോകണമെന്നും കടകൾ അടയ്ക്കണമെന്നുള്ള അറിയിപ്പും വന്നതോടെ പലരും വീടുപൂട്ടി സ്ഥലംവിട്ടു. ചാല ബൈപ്പാസിലെ അതിഥിത്തൊഴിലാളികളെ ഇതിനിടയിൽ ഒഴിപ്പിച്ചിരുന്നു.

ചാലക്കുന്ന്, തോട്ടട, ചാല ഹൈസ്കൂൾ എന്നീ ഭാഗങ്ങളിലേക്ക് എല്ലാ ആളുകളും മാറി. ടാങ്കർ ഏതുനിമിഷവും പൊട്ടിത്തെറിക്കാമെന്ന അവസ്ഥയിലായിരുന്നു. എന്നാൽ ഇതൊന്നും കൂസാതെ അഗ്നിരക്ഷാസേന ടാങ്കറിനു മുകളിൽ വെള്ളം ചീറ്റുന്നുണ്ടായിരുന്നു. നാട്ടുകാരും എടക്കാട് പോലീസും ഇവർക്കുവേണ്ട സഹായങ്ങൾ നൽകി.