ഗ്യാസ് ചോർച്ച തടയാൻ മണ്ണുമായി നീങ്ങുന്ന പോലീസുകാരും നാട്ടുകാരനും

‘ടാങ്കർ ലോറിയിൽനിന്ന് ഡ്രൈവർ ഇറങ്ങിവരുന്നത് ഞാൻ കണ്ടു’

ചാല : ചാല അമ്പലത്തിനടുത്ത് താമസിക്കുന്ന ഓട്ടോഡ്രൈവർ അബ്ദുൾറഹ്മാൻ ബൈപ്പാസ് ടാങ്കർ അപകടസ്ഥലത്ത് ആദ്യമെത്തിയവരിൽ ഒരാളാണ്. കണ്ണൂർ ഭാഗത്തുനിന്നുവരുന്ന ടാങ്കറിന്റെ തൊട്ടുമുൻപിൽ ഓട്ടോയിൽ കുറച്ചുപേർക്ക് ഭക്ഷണം കൊണ്ടുപോകുകയായിരുന്നു അദ്ദേഹം. കൂത്തുപറമ്പ് റോഡിൽ മാർക്കറ്റ് ജങ്‌ഷനിലേക്ക് നേരെ പോകുമ്പോൾ ശബ്ദംകേട്ട് തിരിഞ്ഞുനോക്കുമ്പോഴാണ് ടാങ്കർ മറിഞ്ഞുകിടക്കുന്നത് കണ്ടത്. ‘ഭക്ഷണം ഇറക്കി ഞാൻ വേഗം തിരിച്ചുവന്നു. മറിഞ്ഞുകിടക്കുന്ന ലോറിയിൽനിന്ന് ഡ്രൈവർ ഭയന്ന് ഇറങ്ങിവരുന്നതാണ് കണ്ടത്. തലയുടെ വലതുഭാഗത്തും ഇടതുകൈക്കും പരിക്കുണ്ട്. അപ്പോഴേക്കും ആംബുലൻസും പോലീസ് വാഹനവുമെത്തി. സ്‌ട്രെച്ചറുമായി രണ്ട് പോലീസുകാർ ഓടിവന്നു. അവർ െഡ്രെവറെ എടുത്തുകൊണ്ടുപോയി' -അദ്ദേഹം പറഞ്ഞു.

ഒൻപതുവർഷംമുൻപ്‌ 20 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന്റെ ദൃക്‌സാക്ഷി എന്ന് പറയാവുന്ന സ്വീറ്റ് ഹൗസിൽ കെ.പി.നവീൻ വീട്ടിൽ തന്നെയുണ്ടായിരുന്നു. ബൈപ്പാസിനോട് ചേർന്ന് താഴെഭാഗത്താണ് അദ്ദേഹത്തിന്റെ വീട്. പഴയ ദുരന്തവും ഇപ്പോഴത്തെ അപകടവും നടന്ന സ്ഥലത്തിന്റെ ഏകദേശം മധ്യത്തിൽ. ‘ഞാൻ ഓടിയെത്തുമ്പോഴേക്ക് ചെറിയ പുക ഉയരുന്നത്‌ കണ്ടു. പഴയ ദുരന്തം ഓർമയുണ്ടായിരുന്നു. പെട്ടെന്ന് വീട്ടിലെത്തി അച്ഛനെയും അമ്മയെയും അടുത്തുള്ള ഇന്റർനെറ്റ് കഫെയിലേക്ക് മാറ്റി’. -അദ്ദേഹം പറഞ്ഞു.