കണ്ണൂർ : വൈദ്യുതി ജീവനക്കാർക്ക് ഉടൻ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകണമെന്ന് കേരളാ ഇലക്‌ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ. എൻ.ടി.യു.സി.) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ദുരന്തനിവാരണ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഏപ്രിൽ 28-ലെ സർക്കുലർ പ്രകാരം വൈദ്യുതിവകുപ്പിനെ അത്യാവശ്യ സർവീസായി ഉൾപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പ്, പോലീസ് മുതലായ അവശ്യ സർവീസുകൾക്ക് ഇതിനകം കുത്തിവെപ്പ് നൽകിയിട്ടുണ്ട്. വൈദ്യുതി വകുപ്പിലാകട്ടെ ചെറിയ ശതമാനം ആളുകൾക്ക് മാത്രമേ നൽകിയിട്ടുള്ളൂ. വൈദ്യുതി ബോർഡ് നടപ്പാക്കുന്ന വാതിൽപ്പടി സേവനങ്ങൾ, എൽ.ഇ.ഡി. ബൾബ് വിതരണം, വൈദ്യുതി പുനഃസ്ഥാപിക്കൽ മുതലായ സേവനങ്ങളിൽ ഏർപ്പെടുന്ന ജീവനക്കാർക്ക് കോവിഡ് പിടിപെട്ടിട്ടുണ്ട്. പല സെക്‌ഷനുകളിലെയും ജീവനക്കാർ കോവിഡ് ചികിത്സയിലുമാണ്-യോഗം വിലയിരുത്തി. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ഇ.വി.പ്രഭാകരൻ, കെ.മോഹനൻ, വി.പ്രസാദ്, കെ.പി.സുരേഷ്ബാബു, കെ.ദിനേശ് കുമാർ, പി.ഷാജി എന്നിവർ സംസാരിച്ചു.