തളിപ്പറമ്പ് : കൊട്ടില ഗവ. ഹയർ സെക്കൻഡറി സ്കൂൾ പറമ്പിലെ കൂറ്റൻപാറയെ ചൊല്ലി ഭീതി. വർഷങ്ങളായി സ്ഥിതിചെയ്യുന്ന ഈ പാറ പ്രദേശത്തെ നാട്ടുകാർ നരിമട എന്നപേരിലും വിളിക്കാറുണ്ട്.

മുറിച്ചെടുത്തതുപോലെ നിൽക്കുന്ന നാലു മീറ്ററോളം ഉയരമുള്ള കൂറ്റൻപാറയോട് ചേർന്ന് ഏറെ ചെറുപാറകളുമുണ്ട്. സ്കൂൾ പറമ്പിലെ ചെങ്കുത്തായ സ്ഥലത്താണിത്. താഴെയുള്ള ഭാഗത്ത് ഇടുപ്പച്ചാൽ അങ്കണവാടി പ്രവർത്തിക്കുന്നു. ഏതാനും വീടുകളുമുണ്ട്. പാറയുടെ നിൽപ്പ് പരാതിയായി തലസ്ഥാനനഗരിയിലെത്തിയതോടെയാണ് പ്രശ്നം ചർച്ചയായത്.

പാറയുടെ താഴ്ഭാഗത്തുള്ള ഇടുപ്പച്ചാൽ അങ്കണവാടിയുടെ പ്രവർത്തനം മറ്റൊരിടത്തേക്ക് മാറ്റാൻ കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തരസന്ദേശത്തെ തുടർന്ന് കഴിഞ്ഞദിവസം രാത്രി തളിപ്പറമ്പിൽനിന്നുള്ള അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സ്ഥിതി വിലയിരുത്തുകയുണ്ടായി.

ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ സർക്കാരിനെ അറിയിച്ചു. പെട്ടെന്ന് പൊളിച്ചെടുക്കാനാകാത്ത സ്ഥിയിലാണ് പാറയുടെ നിൽപ്പെന്നാണ് അഗ്നിരക്ഷാസേനയുടെ വിലയിരുത്തൽ. പാറ പൊളിച്ചെടുക്കാൻ വൻതുക വേണ്ടിവരും. ഏറെ ശ്രമകരമായിരിക്കും. സർക്കാർ ഇടപെടലാണ് നാട്ടുകാരുടെ മുന്നിലുള്ള പ്രതീക്ഷ.