പഴയങ്ങാടി : കല്യാശ്ശേരി മണ്ഡലത്തിലെ അഞ്ച് സർക്കാർ ഹയർ സെക്കൻഡറി വിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യവികസനത്തിന് സമഗ്ര പദ്ധതി ഒരുങ്ങുന്നു.

പദ്ധതി പ്രവർത്തനങ്ങളുടെ അവലോകന യോഗം എം. വിജിൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്നു.

കല്യാശ്ശേരി ഗവ ഹയർ സെക്കൻഡറി സ്കൂൾ, കുഞ്ഞിമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചെറുകുന്ന് ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, കൊട്ടില ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മാട്ടൂൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നീ വിദ്യാലയങ്ങൾക്കാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പദ്ധതിയുടെ ഭാഗമായി മൂന്നുകോടി രൂപ വീതം കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ അനുവദിച്ചത്.

കല്യാശ്ശേരി സ്കൂളിൽ രണ്ടുനിലകളിൽ നിർമിക്കുന്ന കെട്ടിടത്തിൽ മൂന്ന് ക്ലാസ് മുറി, സയൻസ് ലാബ്, കംപ്യൂട്ടർ ലാബ്, ലൈബ്രറി, ഡൈനിങ്‌ ഹാൾ, ശൗചാലയം ഉൾപ്പെടെ ഉണ്ടാകും.

കൊട്ടില സ്കൂളിൽ രണ്ടുനിലകളിൽ നിർമിക്കുന്ന കെട്ടിടത്തിൽ അഞ്ച് ക്ലാസ് മുറി, എൻ.എസ്.എസ്. മുറി, എസ്.പി.സി. മുറി, ലാബ്, സ്പോർട്സ് മുറികൾ, ലൈബ്രറി, ഐ.ടി., ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ലാബുകളും ഒരുക്കും.

മാട്ടൂൽ സ്കൂളിൽ മൂന്ന്‌നിലകളിലായി 18 ക്ലാസ് മുറികളും ശൗചാലയവും ഒരുക്കും, കുഞ്ഞിമംഗലത്ത് നാല്‌ ക്ലാസ് മുറി, സ്റ്റാഫ് മുറി, ഫിസിക്സ്, കെമിസ്ട്രി ലാബ്, ഓഡിറ്റോറിയം, സ്പോർട്സ് മുറി, ഓഫീസ് മുറി, ഐ.ടി., ബോട്ടണി, സുവോളജി ലാബ് സൗകര്യങ്ങളും ഉണ്ടാകും.

ചെറുകുന്ന് ബോയ്സിൽ രണ്ടുനിലകളിലായി ആറ് ക്ലാസ് മുറി, സ്റ്റാഫ് മുറി, സയൻസ്, മാത്‌സ് ലാബ്, ശൗചാലയം എന്നിവ ഉണ്ടാകും

സാങ്കേതികപ്രശ്നങ്ങൾ പരിഹരിച്ച് വിശദമായ പദ്ധതിരേഖ തയ്യാറാക്കി കിഫ്ബിയുടെ അംഗീകാരത്തിന് സമർപ്പിക്കാനും യോഗം തീരുമാനിച്ചു. കിലയ്ക്കാണ് പദ്ധതിയുടെ നിർവഹണച്ചുമതല.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോ-ഓർഡിനേറ്റർ പി.വി. പ്രദീപൻ, കിലയുടെ അസിസ്റ്റന്റ് പ്രോജക്ട് എൻജിനീയർ പി. ഹരിത ഗണേശൻ എന്നിവർ പദ്ധതി വിശദീകരിച്ചു.

പഞ്ചായത്ത്‌ പ്രസിഡന്റുമാരായ ടി.ടി. ബാലകൃഷ്ണൻ (കല്യാശ്ശേരി), കെ. ഫാരിഷ (മാട്ടൂൽ), എ. പ്രാർഥന (കുഞ്ഞിമംഗലം), കെ. രതി (കണ്ണപുരം), ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എസ്.കെ. ആബിദ, സി.പി. ഷിജു, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അസി. എക്സി. എൻജിനീയർ യു.വി. രാജീവൻ, പി.വി. വൃന്ദ പ്രകാശ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.