തളിപ്പറമ്പ് : തളിപ്പറമ്പ് സർവീസ് സഹകരണ ബാങ്കിനുള്ളിൽ കോൺഗ്രസുകാരായ മൂന്ന് ഡയറക്ടർമാരുടെ പ്രതിഷേധം. വിവിധ കാരണങ്ങളാൽ നേരത്തെ മൂന്നു ജീവനക്കാരെ നേരത്തെ ബാങ്കിൽനിന്ന് സസ്‌പെൻഡ്‌ ചെയ്തിരുന്നു. പിന്നീട് നടന്ന ചർച്ചയിൽ സസ്‌പെൻഡ്‌ ചെയ്തവരെ ഓഗസ്റ്റ്‌ അഞ്ചിന് തിരിച്ചെടുക്കാനും തീരുമാനമായിരുന്നു. ഒരുവർഷത്തിലേറെ പുറത്തുനിർത്തിയ ജീവനക്കാർക്കെതിരേ തിരിച്ചെടുത്തപ്പോഴും തരംതാഴ്ത്തലുൾപ്പെടെ മറ്റു നടപടികളുണ്ടായിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം നടന്നത്. നിരുപാധികം തിരിച്ചെടുക്കാനാണ് യു.ഡി.എഫ്. നേതൃത്വത്തിലെടുത്ത തീരുമാനമെന്നും ഡയറക്ടർമാർ പറഞ്ഞു. വ്യാഴാഴ്ചയാണ് ഇവർ ജോലിയിൽ പ്രവേശിക്കേണ്ട ദിവസം. നേരത്തെയുണ്ടായ തീരുമാനങ്ങൾ മറികടന്ന് ജീവനക്കാരിൽ സീനിയർ ക്ലാർക്കിനെ തരംതാഴ്ത്തിയത് തങ്ങളറിയാതെയാണെന്ന് മൂന്ന്‌ ഡയറക്ടർമാർ പറഞ്ഞു. യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ ദാമോദരൻ, കുഞ്ഞമ്മ തോമസ്, പി.വി. രുക്‌മിണി എന്നിവരാണ് ബാങ്കിനകത്ത് രാത്രിവരെ കുത്തിയിരുന്നത്. വിവരമറിഞ്ഞ് പോലീസെത്തി ബാങ്ക് പ്രസിഡന്റുമായി ഫോണിൽ ബന്ധപ്പെട്ടതിനുശേഷമാണ് സമരം അവസാനിപ്പിച്ചത്. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ്, പി.കെ. സരസ്വതി, അഡ്വ. ടി.ആർ. മോഹൻദാസ്, എം.എൻ. പൂമംഗലം, കെ. രാജൻ. എം.വി. രവീന്ദ്രൻ, ഇ.കെ. മധു തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.

നടപടികളെല്ലാം ഡയറക്ടർമാർ അറിഞ്ഞുകൊണ്ട്- പ്രസിഡന്റ്

ബാങ്കിൽ തിരിച്ചെടുക്കാൻ തീരുമാനിച്ചവർക്കെതിരേ എടുത്ത തരംതാഴ്ത്തലുൾപ്പെടെയുള്ള നടപടികൾ ഡയറക്ടർമാർ അറിഞ്ഞുകൊണ്ടാണെന്ന് ബാങ്ക് പ്രസിഡന്റ് കല്ലിങ്കീൽ പദ്മനാഭൻ പറഞ്ഞു. ബാങ്കിൽ പ്രസിഡന്റിനെ കാണാൻ ഇരുന്ന് പ്രതിഷേധിച്ചതിൽ കാര്യമില്ല. എല്ലാ ദിവസവും പ്രസിഡന്റ് ബാങ്കിലെത്തണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.