തളിപ്പറമ്പ് : തളിപ്പറമ്പ് സർവീസ് സഹകരണ ബാങ്കിനുള്ളിൽ കോൺഗ്രസുകാരായ മൂന്ന് ഡയറക്ടർമാരുടെ പ്രതിഷേധം. വിവിധ കാരണങ്ങളാൽ നേരത്തെ മൂന്നു ജീവനക്കാരെ നേരത്തെ ബാങ്കിൽനിന്ന് സസ്‌പെൻഡ്‌ ചെയ്തിരുന്നു. പിന്നീട് നടന്ന ചർച്ചയിൽ സസ്‌പെൻഡ്‌ ചെയ്തവരെ ഓഗസ്റ്റ്‌ അഞ്ചിന് തിരിച്ചെടുക്കാനും തീരുമാനമായിരുന്നു. ഒരുവർഷത്തിലേറെ പുറത്തുനിർത്തിയ ജീവനക്കാർക്കെതിരേ തിരിച്ചെടുത്തപ്പോഴും തരംതാഴ്ത്തലുൾപ്പെടെ മറ്റു നടപടികളുണ്ടായിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം നടന്നത്. നിരുപാധികം തിരിച്ചെടുക്കാനാണ് യു.ഡി.എഫ്. നേതൃത്വത്തിലെടുത്ത തീരുമാനമെന്നും ഡയറക്ടർമാർ പറഞ്ഞു.

വ്യാഴാഴ്ചയാണ് ഇവർ ജോലിയിൽ പ്രവേശിക്കേണ്ട ദിവസം. നേരത്തെയുണ്ടായ തീരുമാനങ്ങൾ മറികടന്ന് ജീവനക്കാരിൽ സീനിയർ ക്ലാർക്കിനെ തരംതാഴ്ത്തിയത് തങ്ങളറിയാതെയാണെന്ന് മൂന്ന്‌ ഡയറക്ടർമാർ പറഞ്ഞു.

യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ ദാമോദരൻ, കുഞ്ഞമ്മ തോമസ്, പി.വി. രുക്‌മിണി എന്നിവരാണ് ബാങ്കിനകത്ത് രാത്രിവരെ കുത്തിയിരുന്നത്.