കണ്ണൂർ : ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനത്തിന്റെ പരിധിയിലും ചുരുങ്ങിയത് ഒരു വിനോദസഞ്ചാരകേന്ദ്രമെങ്കിലും വികസിപ്പിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. ജില്ലയിലെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ഓൺലൈനായി നടത്തിയ തദ്ദേശസ്ഥാപന അധ്യക്ഷൻമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് കാലത്ത് പ്രതിസന്ധിയിലായ ടൂറിസം മേഖലയെ തിരിച്ചുകൊണ്ടുവരണം. പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിലൂടെയാണ് ഇത് സാധ്യമാവുക.

പ്രാദേശിക സവിശേഷതകൾക്കനുസരിച്ചുള്ള പദ്ധതികളാണ് ആവിഷ്കരിക്കേണ്ടത്. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്നതിനായി കണ്ണൂർ വിമാനത്താവളത്തിൽ ഇൻഫർമേഷൻ സെന്റർ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.

യോഗത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, കളക്ടർ ടി.വി.സുഭാഷ്, ടൂറിസം ഡെപ്യൂട്ടി ഡയരക്ടർ ടി.വി.പ്രശാന്ത് തുടങ്ങിയവർ സംബന്ധിച്ചു.