കണ്ണൂർ : പുഴകളിലും ഓടകളിലും വഴിയോരങ്ങളിലും വലിച്ചെറിഞ്ഞുള്ള കോഴിയുടെയും അറവുമാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. ഇതിനായുള്ള കണ്ണൂർ കോർപ്പറേഷന്റെ പദ്ധതിക്ക് തുടക്കമായി.

കോഴിയിറച്ചി വ്യാപാരികളിൽനിന്ന് മാലിന്യങ്ങൾ ശേഖരിക്കുന്ന വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് മേയർ അഡ്വ. ടി.ഒ.മോഹനൻ നിർവഹിച്ചു. മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ഇറച്ചിക്കടകളിൽ കോർപ്പറേഷനും കമ്പനിയും ചേർന്ന് ഇതിനാവശ്യമായ ബിന്നുകൾ വ്യാപാരികൾക്ക് നൽകും.

ഫ്രീസറുള്ള വാഹനത്തിൽ ഇവ സംസ്കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയുംചെയ്യുന്ന രീതിയിലാണ് പദ്ധതി ഒരുക്കിയത്. കോർപ്പറേഷൻ ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ.ഷബീന, സ്ഥിരംസമിതി അധ്യക്ഷന്മാരായ അഡ്വ. മാർട്ടിൻ ജോർജ്, സിയാദ് തങ്ങൾ, സുരേഷ് ബാബു എളയാവൂർ, അഡ്വ. പി.ഇന്ദിര, ഹെൽത്ത്‌ സൂപ്പർവൈസർ എ.കെ.ദാമോദരൻ, ശുചിത്വ മിഷൻ ടെക്നിക്കൽ എക്സ്പെർട്ട് ഡോ. പി.വി.മോഹനൻ, വിരാട് ടെക്നോളജീസ് ചെയർമാൻ എൻ.കെ.ചന്ദ്രൻ, എം.ഡി. കെ.സനോജ്, വ്യാപാരി പ്രതിനിധി കെ.വി.സലീം എന്നിവർ പങ്കെടുത്തു.