കല്യാശ്ശേരി : ടാഗോറിന്റെ 'ഗോര'എന്ന നോവലിനെ ആസ്പദമാക്കി ഉമേഷ് കല്യാശ്ശേരി രചനയും സംവിധാനവും നിർവഹിച്ച ഏകപാത്ര നാടകം അരങ്ങുകളിൽ ശ്രദ്ധനേടുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ചടങ്ങുകളിൽ നാടകം അവതരിപ്പിച്ചപ്പോൾ പ്രേക്ഷകരുടെ വലിയ പ്രോത്സാഹനമാണ് ലഭിച്ചത്.

കല്ല്യാശ്ശേരി ചൂട്ട് തിയേറ്റർ ഒരുക്കിയ നാടകം, സുനിൽ പാപ്പിനിശ്ശേരി എന്ന നടനിലൂടെയാണ് അരങ്ങിലെത്തുന്നത്. വലിപ്പമുള്ള ഒരു ചെരിപ്പിലൂടെയാണ് നാടകം കാഴ്ചക്കാരന് പുത്തൻ അനുഭവം സമ്മാനിക്കുന്നത്. നാട്ടിൽ ഒരനീതി നടന്നാൽ സൂര്യനസ്തമിക്കുന്നതിനുമുമ്പേ അതിനെ ചോദ്യംചെയ്തില്ലെങ്കിൽ അതൊരു കാട്ടുതീയായി നമ്മളിലേക്കുതന്നെ പടർന്നുകയറുമെന്ന് നാടകം ഓർമപ്പെടുത്തുന്നു. കർഷകന്റെ നെഞ്ചുപിടയുന്ന വേദനയിലും പ്രതിഷേധത്തിലും പ്രേക്ഷകരെ അണിചേർക്കുന്നിടത്താണ് നാടകം അവസാനിക്കുന്നത്.

കമ്പിൽ സംഘമിത്ര സംഘടിപ്പിച്ച ഒ.കെ.കുറ്റിക്കോൽ നാടകോത്സവത്തിലാണ് ആദ്യാവതരണം നടത്തിയത്. നാടകക്കാരനെ ചരിത്രത്തോട് ചേർത്ത് പ്രസംഗിക്കുകയും ചരിത്രത്താളുകളിലേക്ക് നടന്ന് കയറുന്നിടത്ത് തേഞ്ഞ ചെരുപ്പ് പോലെ പുറത്ത് ഉപേക്ഷിക്കുന്നതുമാണ് നാടകത്തിന്റെ ഇതിവൃത്തം. ഇങ്ങനെ എല്ലാറ്റിനും ഒപ്പം നില്ക്കുകയും അവസാനം ഒന്നുമല്ലാതാക്കി തീർക്കുകയും ചെയ്യുന്നവരുടെ വേദന കൂടിയാണ് നാടകം പ്രതിപാദിക്കുന്നത്.