കണ്ണൂർ : അഴീക്കോട് മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കെ.എം. ഷാജി തന്നെ വീണ്ടും എത്താനുള്ള സാധ്യതയേറി.

അഴീക്കോട്ട്‌ മത്സരിക്കില്ലെന്ന് ആരോടും പറഞ്ഞിട്ടില്ലെന്ന് ഷാജി മാധ്യമപ്രവർത്തകരോട് പറഞ്ഞു. മത്സരിക്കാൻതന്നെയാണ് താത്പര്യം. പാർട്ടി പറഞ്ഞാൽ മത്സരിക്കും.അഴീക്കോട് വീട്ട് കാസർക്കോട്ട്‌ മത്സരിക്കുന്നുവെന്നുള്ള വാർത്ത ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞതവണ അഴീക്കോട്ടുനിന്ന് ജയിച്ച ഷാജിയുടെ തിരഞ്ഞെടുപ്പ് കേരള ഹൈക്കോടതി അസാധുവാക്കുകയും സുപ്രീംകോടതി അത് ശരിവെക്കുകയും ചെയ്തിരുന്നു. ആറ്‌ വർഷത്തേക്ക് മത്സരിക്കുന്നത് വിലക്കുകയുംചെയ്തിരുന്നെങ്കിലും വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. അതിനാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തടസ്സമില്ല എന്നാണ് നിയമോപദേശം.

ഷാജിക്കെതിരേ എൽ.ഡി.എഫ്. സ്ഥാനാർഥിയായി മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് മത്സരിക്കാനാണ് സാധ്യത. മുൻപ് ഷാജിയോട് പരാജയപ്പെട്ട എം.വി.നികേഷ്‌കുമാർ ഇത്തവണ മത്സരിക്കാൻ സാധ്യതയില്ല.

ജില്ലയിൽ ഏറ്റവും കനത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് അഴീക്കോട്. ഇരുമുന്നണികളും ബലാബലത്തിലാണ്. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫ്. വിജയിച്ച മണ്ഡലത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വൻ ഭൂരിപക്ഷമായിരുന്നു. 21,857 വോട്ടിന്റെ ഭൂരിപക്ഷം. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. 6141 വോട്ടിന് യു.ഡി.എഫിനെ മറികടന്നു. അഴീക്കോടും കണ്ണൂരും വെച്ചുമാ റണമെന്ന് ലീഗിൽ ഒരുവിഭാഗം ആവശ്യപ്പെടുന്നുണ്ട്‌. നടക്കാത്ത ചില ആവശ്യങ്ങൾ ഉയർത്തി കലക്കവെള്ളത്തിൽ മീൻപിടിക്കാനുള്ള ശ്രമമാണ് ഇതിനെ പിന്നിലെന്ന് ലീഗിലെ ഒരു നേതാവ് പറഞ്ഞു. കണ്ണൂരിൽ കോൺഗ്രസ് തന്നെയായിരിക്കും മത്സരിക്കുക -അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് ഭരണത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച വ്യക്തിയാണ് കെ.വി.സുമേഷ്. മറ്റൊരു പരിചയപ്പെടുത്തലിന് ആവശ്യമില്ലാത്ത നേതാവ് കൂടിയാണെന്ന് സി.പി.എം. പറയുന്നു. ബി.ജെ.പി.ക്ക്‌ ഇക്കുറി 15000 ത്തിലധികം വോട്ട് ലഭിച്ചിട്ടുണ്ട്.