ന്യൂമാഹി : നോർത്ത് സിക്കിമിൽ ട്രക്കപകടത്തിൽ മരിച്ച സൈനികൻ ന്യൂമാഹി കുറിച്ചിയിൽ ഈയ്യത്തുങ്കാട്ടെ കണ്ട്യൻറവിടെ സുധീഷ് കുമാറിന് ജന്മനാട് കണ്ണീരിൽ കുതിർന്ന പ്രണാമം അർപ്പിച്ചു.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് നോർത്ത് സിക്കിമിലെ തങ്കുവിൽ മഞ്ഞ് പാളികൾക്കിടയിൽ താഴ്ചയിലേക്ക് ട്രക്ക് മറിഞ്ഞ് ഹവിൽദാർ സുധീഷ് കുമാർ മരിച്ചത്.

വിമാനമാർഗം ബുധനാഴ്ച രാത്രി കൊച്ചിയിലെത്തിയ മൃതദേഹം വ്യാഴാഴ്ച രാവിലെ ആറോടെയാണ് ന്യൂമാഹി കുറിച്ചിയിലെ തറവാട്ട് വീട്ടിലെത്തിയത്. സമീപത്തെ സി.എച്ച്. സെൻററിന്റെ സ്ഥലത്ത് ഒരു മണിക്കൂറോളം പൊതുദർശനത്തിന് വെച്ചു. നിരവധിപേർ അന്ത്യോപചാരമർപ്പിച്ചു. സുധീഷ് കുമാറിനൊപ്പം വിവിധ റെജിമെൻറുകളിൽ ജോലി ചെയ്ത ഒട്ടേറെ സൈനികരും എത്തിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ്‌ എം.കെ. സെയ്തു, വൈസ് പ്രസിഡന്റ്‌ അർജുൻ പവിത്രൻ, പൊതുപ്രവർത്തകരായ സി.കെ. പ്രകാശൻ, സി.ആർ. റസാഖ്, എ.വി. ചന്ദ്രദാസൻ, വി. വത്സൻ, പി.കെ. വിശ്വനാഥൻ, പഞ്ചായത്ത് അംഗങ്ങൾ, വിവിധ പാർട്ടി നേതാക്കൾ, സന്നദ്ധ സംഘടനാ ഭാരവാഹികൾ എന്നിവർ അന്ത്യോപചാരമർപ്പിച്ചു.

എ.എൻ. ഷംസീർ എം.എൽ.എ.യ്ക്കുവേണ്ടി റീത്ത് സമർപ്പിച്ചു. പിന്നീട് മൃതദേഹം പെരളശ്ശേരി വെള്ളച്ചാൽ മക്രേരിയിലെ സൈനികന്റെ വീട്ടിലേക്ക് കൊണ്ടുപോയി. കണ്ണൂർ ഡി.എസ്.സി. സെൻററിൽ നിന്നെത്തിയ സൈനികരുടെ നേതൃത്വത്തിൽ സൈനിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു. സൈനികനോട് ആദരവ് പ്രകടിപ്പിച്ച് കുറിച്ചിയിൽ, ഈയ്യത്തുങ്കാട് പ്രദേശങ്ങളിൽ വ്യാപാരികൾ ഹർത്താൽ നടത്തി.