കണ്ണൂർ : അതിദരിദ്രരുടെ പട്ടികയിൽ ഏറ്റവും ദാരിദ്രരായവരെ മാത്രം ഉൾപ്പെടുത്തണമെന്നും അനർഹരായവർ ഉൾപ്പെടാൻ പാടില്ലെന്നും കളക്ടർ എസ്. ചന്ദ്രശേഖർ പറഞ്ഞു. ജില്ലാ ആസൂത്രണസമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ബി.പി.എൽ. പട്ടികയിൽ അർഹതയില്ലാത്തവർ ഉൾപ്പെടുന്നുണ്ടോയെന്ന് തദ്ദേശസ്ഥാപനങ്ങൾ പരിശോധിക്കണമെന്ന് ജില്ലാ ആസൂത്രണസമിതി അധ്യക്ഷ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞു. അതിദരിദ്രരെ കണ്ടെത്തുന്നതിന് വിവരശേഖരണത്തിനുള്ള തയ്യാറെടുപ്പുകൾ തദ്ദേശസ്ഥാപനങ്ങളിൽ പുരോഗമിക്കുകയാണ്. വിവരശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണപുരം ഗ്രാമപ്പഞ്ചായത്തിൽ നടക്കും.

ജില്ലയിലെ ലൈഫ് അപേക്ഷകളിൽ ഗ്രാമങ്ങളിൽ ലഭിച്ച 31,265 അപേക്ഷകളിൽ 8201 എണ്ണത്തിന്റെ പരിശോധന പൂർത്തിയായതായി പി.എ.യു. പ്രോജക്ട്‌ ഡയറക്ടർ യോഗത്തെ അറിയിച്ചു. അർബൻ വിഭാഗത്തിൽ 7284 അപേക്ഷകളിൽ 5623 എണ്ണത്തിന്റെ പരിശോധന കഴിഞ്ഞു.

2021-22 വാർഷിക പദ്ധതി ഭേദഗതി യോഗം ചർച്ച ചെയ്തു. 32 തദ്ദേശ സ്ഥാപങ്ങളുടെ ഭേദഗതി യോഗം അംഗീകരിച്ചു. കണ്ണൂർ നഗരസഞ്ചയത്തിന് 189 കോടി രൂപയാണ് അഞ്ചുവർഷത്തേക്ക് അനുവദിച്ചിട്ടുള്ളത്.

മേയർ അഡ്വ. ടി.ഒ. മോഹനൻ, ആസൂത്രണ സമിതി മറ്റ് അംഗങ്ങളായ അഡ്വ. കെ.കെ. രത്‌നാകുമാരി, അഡ്വ. ടി. സരള, എൻ.പി. ശ്രീധരൻ, വി. ഗീത, കെ. താഹിറ, ശ്രീനാഥ് പ്രമോദ്, ലിസി ജോസഫ്, കെ.വി. ലളിത, സർക്കാർ നോമിനി കെ.വി. ഗോവിന്ദൻ, ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസർ ടി. രാജേഷ്‌ തുടങ്ങിയവർ പങ്കെടുത്തു.