ധർമശാല : മികച്ച സ്റ്റുഡന്റ് വൊളന്റിയർക്കുള്ള ഇന്റർനാഷണൽ അവാർഡായ റിച്ചാർഡ് ഇ മെർവിൻസ് സ്കോളർഷിപ്പിന് കണ്ണൂർ ഗവ. എൻജീനീയറിങ് കോളേജിലെ എൻ.അനഘ അർഹയായി. അക്കാദമിക് മികവിനോടൊപ്പം സ്റ്റുഡന്റ് ലീഡർ എന്ന നിലയിൽ കാഴ്ചവെച്ച മികച്ച പ്രവർത്തനവും വിലയിരുത്തിയാണ് അവാർഡിന് തിരഞ്ഞടുത്തത്.

ലോകമാനമുള്ള ആയിരത്തോളം വിദ്യാർഥികളുടെ മികവുകൾ വിലയിരുത്തിയാണ് ഏറ്റവും മികച്ച വിദ്യാർഥിയെ തിരഞ്ഞെടുത്തത്. 1000 ഡോളറിന്റെ ഗ്രാന്റും ഏഷ്യയിലെ മികച്ച സ്റ്റുഡന്റ് അംബാസഡറാകാനുള്ള അവസരവും ലഭിക്കും.

ലോക്ഡൗൺ കാലത്ത് കോളേജിലെ മൂന്നാംവർഷ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിദ്യാർഥികളായ സി.അഭിനന്ദും ശിൽപ്പ രാജീവും മോട്‌വാനി ജഡേജ ഫാമിലി ഫൗണ്ടേഷൻ സംഘടിപ്പിച്ച ഇന്റർനാഷണൽ ഹാക്കത്തോണിൽ വിജയികളായിരുന്നു. ഇരുവരും 72 മണിക്കൂർ നീണ്ടുനിന്ന മത്സരത്തിലൂടെ 10,000 ഡോളറും അന്താരാഷ്ട്ര പുരസ്കാരവുമാണ് നേടിയത്.

അക്കാദമിക് മികവിനോടൊപ്പം വിദ്യാർഥികളെ അന്തരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്ന നിരവധി പ്രവർത്തനങ്ങളും കാഴ്ച വെക്കുന്ന കോളേജിന്റെ മികവിന്റെ പ്രതീകകങ്ങളാണ് ഇത്തരം പുരസ്കാരങ്ങളെന്ന് പ്രിൻസിപ്പൽ വി.ഒ.രജനി പറഞ്ഞു.

പാപ്പിനിശ്ശേരി സ്വദേശിനിയായ അനഘ, ഷീജ നിട്ടൂരിന്റെയും എൻ. ശ്രീനിവാസന്റെയും മകളാണ്.