മയ്യിൽ : വായനശാലയിൽ അതിക്രമിച്ചെത്തി കത്തിവീശി രണ്ട് യുവാക്കളെ പരിക്കേൽപ്പിച്ച കേസിൽ കണ്ടക്കൈയിലെ കൂളഞ്ചേരി വീട്ടിൽ കെ. സന്തോഷിനെ (42) മയ്യിൽ സി.ഐ. ബഷീർ ചിറക്കൽ അറസ്റ്റു ചെയ്തു. കണ്ടക്കൈയിൽ കഴിഞ്ഞ ദിവസം രാത്രി എട്ടിനായിരുന്നു സംഭവം. യുവശക്തി സാംസ്കാരിക കേന്ദ്ര (പാടിച്ചാൽ മന്ദിരം) ത്തിൽ പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്ന കണ്ടക്കൈയിലെ പി.പി. സുഭാഷിനെ (34) കൈത്തണ്ടയിലും പുറത്തുമായി മുറിവേൽപ്പിച്ചുവെന്നാണ് കേസ്. രക്തം വാർന്നൊലിക്കുന്നതിനിടയിൽ തടയാനെത്തിയ അതുലി (24) നെയും കത്തികൊണ്ട് കൈത്തണ്ടയിൽ മുറിവേൽപ്പിച്ചു. തുടർന്ന് ഓടിരക്ഷപ്പെട്ടു. നാട്ടുകാർ പോലീസിൽ വിവരമറിയിച്ച് പരിക്കേറ്റ ഇരുവരെയും മയ്യിൽ സാമൂഹികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.