പേരാവൂർ : പെട്രോൾപമ്പിൽ കള്ളനോട്ടുകൾ നൽകിയ കേസിൽ കൂടൂതൽപേർക്ക് പങ്കുള്ളതായി സൂചന. അറസ്റ്റിലായ ജെ.സി.ബി. ഡ്രൈവർ തിരുപ്പതിക്കുപുറമേ മറ്റു ചിലർ കൂടി കേസിൽ ഉൾപ്പെട്ടതായി സൂചനകൾ ലഭിച്ചതോടെ പേരാവൂർ സബ് ഇൻസ്പെക്ടർ ആർ.സി.ബിജുവിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതപ്പെടുത്തി. തിരുപ്പതിയുടെ വീട്ടിലും പണം നൽകിയെന്ന് തിരുപ്പതി പറഞ്ഞ കാക്കയങ്ങാടിലെ പണ ഉടമയുടെ വീട്ടിലും തിരുപ്പതി ജോലിചെയ്യുന്ന നിർമാണ കമ്പനി ഉടമയുടെ കേളകത്തെ വീട്ടിലും അന്വേഷണസംഘം പരിശോധന നടത്തി. ഒരു കംപ്യൂട്ടറും പ്രിൻററും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. െഫബ്രുവരി 27-നാണ് പേരാവൂർ-ഇരിട്ടി റോഡിലെ ഈസ്റ്റ് ഇന്ത്യ ഓട്ടോ ഫ്യൂൽസിൽനിന്ന് തിരുപ്പതി ജെ.സി.ബിയിൽ മൂവായിരം രൂപയ്ക്ക് ഡീസലടിച്ചത്. ആറ്്‌ അഞ്ഞൂറിന്റെ നോട്ടുകൾ പമ്പിലെ സെയിൽസ്‌മാന് നൽകി. ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റിനു മുൻപ് സെയിൽസ്‌മാൻ മാനേജർക്ക് പണം നൽകി മെഷീനിൽ പരിശോധിച്ചപ്പോഴാണ് കള്ളനോട്ടുകൾ തിരിച്ചറിഞ്ഞത്. കേസിൽ തിരുപ്പതിയെയും പണ ഉടമയെയും പേരാവൂർ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ആൾ ജാമ്യത്തിൽ അന്നുതന്നെ വിട്ടയച്ചതിനെതിരേ ആരോപണം ഉയർന്നിരുന്നു. പിറ്റേദിവസം തിരുപ്പതിയെ അറസ്റ്റുചെയ്തെങ്കിലും പണ ഉടമയെ ഒഴിവാക്കിയതിലും പരാതി ഉയർന്നിട്ടുണ്ട്.