ഇരിട്ടി : പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി മലയോര മേഖലയിലെ പ്രധാന റോഡുകളിൽ ഒന്നായ എടൂർ-കമ്പിനിനിരത്ത്-ആനപ്പന്തി- അങ്ങാടിക്കടവ് വാണിയപ്പാറ-ചരൾ-വളവുപാറ-കച്ചേരിക്കടവ്-പാലത്തുംകടവ് റോഡ് രാജ്യാന്തര നിലവാരത്തിൽ നവീകരിക്കുന്നതിനുള്ള പ്രവൃത്തി ഉദ്ഘാടനം നടന്നെങ്കിലും പ്രവൃത്തി തുടങ്ങാൻ വൈകും.

റോഡിനായി പുതുതായി അധിക സ്ഥലം ഏറ്റെടുക്കില്ലെങ്കിലും നിലവിലുള്ള വീതിക്ക് ആനുപാതികമായി 7.5 മീറ്റർ മുതൽ 10 മീറ്റർ വരെ ടാറിങ് നടത്തുന്നതിന് അളന്നുതിരിക്കാനുള്ള നടപടിപോലും ആരംഭിച്ചിട്ടില്ല. റോഡിന്റെ ഡിസൈനിനും അന്തിമാനുമതിയായിട്ടില്ല. സ്ഥലം അളന്നുതിരിച്ച് മാർക്ക് ചെയ്താൽ മാത്രമേ പ്രാരംഭ പ്രവൃത്തി പോലും ആരംഭിക്കാൻ കഴിയൂ. ഇതിനുള്ള നടപടി ആരംഭിച്ചിട്ടില്ല.

ലോകബാങ്ക് സഹായത്തോടെയുള്ള റീബിൽഡ് കേരള പദ്ധതിയിൽപ്പെടുത്തിയാണ് 22.246 കിലോമീറ്റർ ദൈർഘ്യത്തിൽ റോഡ് പുനർനിർമിക്കുന്നത്.

പ്രകൃതിക്ഷോഭങ്ങളിൽ തകരാത്തവിധമാണ് റോഡ് പുനർനിർമിക്കുക. ഇതിനായി ഭൂമിയുടെ പ്രത്യേകത മനസ്സിലാക്കിയുള്ള ഡിസൈനാണ് രൂപപ്പെടുത്തേണ്ടത്.

വെമ്പുഴ പാലം ഉൾപ്പെടെ നിലവിലൂള്ള പാലങ്ങൾ ആവശ്യമായ അറ്റകുറ്റപ്പണി നടത്തി നിലനിർത്തും.

ബിഎം ആൻഡ് ബിസി (മെക്കാഡം) ചെയ്യാനുള്ള നൂതന ഡിസൈൻ രീതിയാണ് സ്വീകരിച്ചിരിക്കുന്നത്.

ജംങ്ഷനുകളിലെ ഇന്റർ സെക്‌ഷൻ മെച്ചപ്പെടുത്തും. പ്രവർത്തനക്ഷമമായ കലുങ്കുകൾ നിലനിർത്തും. 100 ഓളം കലുങ്കുകൾ പണിയും. ഓവുചാലും ടൗണുകളിൽ നടപ്പാതയും പണിയും. മേഖലയിൽ പ്രളയം കൂടുതലായി ബാധിച്ച അയ്യൻകുന്ന് പഞ്ചായത്തിൽപ്പെടുന്നതാണ് ഈ റോഡ്. മലയോര ഗതാഗതരംഗത്ത് വൻ വികസനത്തിനും നിർദിഷ്ട പാത വഴിയൊരുക്കും. കെ.എസ്.ടി.പി.യാണ് പ്രവൃത്തിയുടെ മേൽനോട്ട ചുമതല വഹിക്കുക.