കണ്ണൂർ : സംസ്ഥാനത്ത് അടുത്തവർഷം ആയിരം ഹരിതഗ്രാമങ്ങൾ ഉണ്ടാക്കണമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു.

കേരളത്തിലെ കാർഷികമേഖലയെപ്പറ്റിയുള്ള കാഴ്ചപ്പാടുകൾ ചർച്ചചെയ്യുന്നതിന് ജില്ലയിലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്കായി നടത്തിയ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

വിലക്കയറ്റം നിയന്ത്രിക്കാനുള്ള മാർഗം എല്ലാവരെയും കൃഷിയിലേക്ക് ഇറക്കുക എന്നുള്ളതാണ്. സ്ത്രീകളെയും യുവാക്കളെയും കൃഷിയിലേക്ക് കൂടുതലായി ആകർഷിക്കാൻ കഴിയണം.

ഇതിനായി ‘ഞാനും കൃഷിയിലേക്ക്’ എന്ന കാമ്പയിൻ നടത്തി പഞ്ചായത്തുകളിലെ ഓരോ വാർഡ് കേന്ദ്രീകരിച്ചും ചുരുങ്ങിയത് പത്ത്‌ പേരടങ്ങുന്ന വാട്‌സാപ്പ് കൂട്ടായ്മകൾ ഉണ്ടാക്കണം. ഒരിഞ്ച് മണ്ണ്‌ പോലും വെറുതെ കിടക്കരുത്.

കാലത്തിനനുസരിച്ച് ജൈവകൃഷിയിലേക്ക് പോകണം. ഒരുജില്ലയിൽ കുറഞ്ഞത് 10 ഇടത്തെങ്കിലും ജൈവകൃഷി നടപ്പാക്കണം -മന്ത്രി പറഞ്ഞു.

ശിക്ഷക്‌സദനിൽ നടന്ന പരിപാടിയിൽ കാർഷികവികസന കർഷകക്ഷേമവകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ് പദ്ധതി അവലോകനം നടത്തി.

കൃഷി അഡീഷണൽ സെക്രട്ടറി എസ്. സാബിർ ഹുസൈൻ, അഡീഷണൽ ഡയറക്ടർ വി.ആർ. സോണിയ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇ.കെ. അജിമോൾ, ആത്മ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ പി.വി. ഷൈലജ എന്നിവർ പങ്കെടുത്തു.