പഴയങ്ങാടി : പത്തുകിലോമീറ്റർ വരുന്ന എരിപുരം-കുപ്പം റോഡ് 10 കോടി രൂപ ചെലവിൽ നവീകരിച്ചെങ്കിലും പ്രധാന സ്ഥലമായ എരിപുരംകവലയിൽ ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തത് ആളുകൾക്ക് ദുരിതമായി മാറുന്നു.

2017 ജൂലായ് 15-ന് നിർമാണം തുടങ്ങുകയും 2019 ഫെബ്രുവരി 28-ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്യുകയും ചെയ്ത റോഡാണിത്.

റോഡിന്റെ വീതി 10 മീറ്ററാക്കുകയും ഓടകൾ നിർമിക്കുകയും ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും വീതി പലയിടത്തും എട്ടുമീറ്റർ പോലുമില്ലെന്ന പരാതിയും നിലനിൽക്കുന്നുണ്ട്. മാത്രമല്ല, അപകടവളവുകൾ നിവർത്തുമെന്ന് പറഞ്ഞതല്ലാതെ അതുമുണ്ടായില്ല.

എരിപുരം-എഴോംറോഡിൽ ദിവസവും യാത്രക്കാർ ബസ് കയറാനായി നിൽക്കുന്ന സ്ഥലത്ത് ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം പോലുമില്ലാത്തതിനാൽ യാത്രക്കാർ അനുഭവിക്കുന്നത് വലിയ ദുരിതമാണ്. മഴയത്തായാലും വെയിലത്തായാലും കടയുടെ മുന്നിൽ റോഡരികിൽ നിൽക്കേണ്ട അവസ്ഥയാണുള്ളത്. ഇവിടെ ഉണ്ടായിരുന്നത് താത്‌കാലിക കാത്തിരിപ്പ് കേന്ദ്രമാകട്ടെ സിനിമാചിത്രീകരണ സൗകര്യത്തിനായി പൊളിച്ചുമാറ്റുകയും ചെയ്തു. പ്രധാന കവലയിൽ വേണ്ടുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം ചിലരുടെ താത്പര്യപ്രകാരം മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള നീക്കവുമുണ്ട്.

ശോച്യാവസ്ഥയിലായിരുന്ന റോഡ് ഏറെക്കാലത്തെ മുറവിളിക്കുശേഷമാണ് നവീകരിച്ചത്.