ചാവശ്ശേരി : ഭക്ഷണത്തിന് ഓർഡർ നൽകി ഹോട്ടലുടമകളെ കബളിപ്പിക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം ചാവശ്ശേരിയിലാണ് സംഭവം. ഹോട്ടലിലേക്ക് ഫോൺ വിളിച്ച് സൈനിക ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞാണ് ഭക്ഷണത്തിന് ഓർഡർ നൽകിയത്. ഭക്ഷണം തയ്യാറാക്കി വിളിച്ചപ്പോൾ പണം ഓൺലൈൻ ട്രാൻസ്‌ഫർ ചെയ്യാമെന്നും അക്കൗണ്ട് വിവരങ്ങളും എ.ടി.എം. കാർഡിന്റെ ഇരുവശങ്ങളുടെയും പടവും അയച്ചുതരണമെന്നും ആവശ്യപ്പെട്ടു.

സംശയം തോന്നിയ ഹോട്ടലുടമ എ.ടി.എം. കാർഡ് വിവരങ്ങൾ നൽകാനാകില്ലെന്ന് പറഞ്ഞു. വിളിച്ച മൊബൈൽ നമ്പറിൽ വീണ്ടും ബന്ധപ്പെട്ടപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തതായി മനസ്സിലായി. സംഭവം മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം പത്തൊൻപതാം മൈലിൽ ഇതുപോലുള്ള സംഭവമുണ്ടായതായി പറയുന്നു. ലോക്‌ഡൗൺ കാരണം ഓൺലൈൻ വ്യാപാരം വ്യാപകമായതോടെയാണ് തട്ടിപ്പ് വർധിച്ചത്. മേഖലയിൽ ഓൺലൈനിൽ പണംതട്ടുന്ന സംഘം സജീവമാകുന്നതിനാൽ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്നാണ് വ്യാപാരികളുടെ ആവശ്യം.