ചെറുവാഞ്ചേരി : നാടകരചയിതാവും ചിത്രകാരനും വോളിബോൾ താരവുമായിരുന്ന ചെറുവാഞ്ചേരിയിലെ പപ്പൻ വള്ളിക്കാടിനെ അനുസ്മരിച്ചു.

നവരസ കലാകേന്ദ്ര ഓൺലൈനായി നടത്തിയ പരിപാടിയിൽ ചിത്രഗീതം, നാടകഗാനങ്ങൾ, മാപ്പിളപ്പാട്ട്, നാടൻപാട്ട്, നാടകാനുഭവങ്ങൾ, കവിതാലാപനം, ചിത്രരചന, നാടക ഫോട്ടോ പ്രദർശനം എന്നിവ നടന്നു. എൻ.വി.നെബുല, അയൂബ് ചേലയിൽ എന്നിവർ അവതാരകയായി. ഏഴുദിവസം നീണ്ടുനിന്ന പരിപാടികളിൽ സിനിമാ, നാടകപ്രവർത്തകരായ സുശീൽകുമാർ തിരുവങ്ങാട്, സുനി ശേഖർ കോട്ടയം, എ.യതീന്ദ്രൻ, രാജേന്ദ്രൻ തായാട്ട്, നാടക് സംസ്ഥാന സെക്രട്ടറി ജെ.ശൈലജ എന്നിവർ പ്രഭാഷണം നടത്തി.

തുടർന്ന് ചെറുവാഞ്ചേരിയിലെ പഴയകാല നാടകപ്രവർത്തകരായ ടി.പി.കുഞ്ഞിരാമൻ, സി.വി.പ്രഭാകരൻ, പി.വി.പദ്‌മനാഭൻ, ജി.വി.കുഞ്ഞികൃഷ്ണൻ, മുണ്ടോളി രാജൻ എന്നിവർ പപ്പൻ വള്ളിക്കാടിന്റെ നാടക ഓർമകൾ പങ്കുവെച്ചു.

വള്ളിക്കാടിന്റെ നാടക കഥാപാത്രങ്ങളെ ഉൾപ്പെടുത്തി സത്യൻ കാവിൽ അവതരിപ്പിച്ച നാടകവും ഏകപാത്ര നാടകങ്ങളുടെ വീഡിയോ ചിത്രീകരണവും നടത്തി. നാട്ടുകാർ അവതരിപ്പിച്ച വിവിധ കലാപരിപാടികളുമുണ്ടായി.