ഇരിട്ടി : പായം പഞ്ചായത്തിലെ കുന്നോത്ത് ബെൻഹിലിൽ ആദിവാസികൾക്ക് പതിച്ച് നൽകിയ പ്രദേശത്തോട് ചേർന്ന് ക്രഷറിന് അനുമതി നൽകിയതിനെതിരെ ജനകീയ കർമസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാകുന്നു.

കഴിഞ്ഞ ദിവസം കുന്നോത്ത്-ബെൻഹിൽ റോഡ് ഉപരോധിച്ച നാട്ടുകാർ സമരത്തിന്റെ രണ്ടാം ഘട്ടം എന്ന നിലയിൽ പായം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.

പ്രദേശത്തെ 25 ഓളം ആദിവാസി കുടുംബങ്ങൾക്ക് പതിച്ചുനൽകിയ ഭൂമിയോട് ചേർന്നാണ് ക്രഷറിന് അനുമതി നൽകിയിരിക്കുന്നത്. ക്രഷറിന് ലൈസൻസ് കിട്ടുന്നതിനായി പ്രദേശത്തെ ആദിവാസിയുടെ വീട് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് തകർത്തത് നേരത്തെ വിവാദമായിരുന്നു. ഇതിനുപിന്നാലെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ സമരത്തിനിറങ്ങിയതോടെ വിഷയം മേഖലയിൽ പ്രധാന ചർച്ചയായി മാറുകയാണ്. പഞ്ചായത്ത് ഓഫീസ് മാർച്ച് പരിസ്ഥിതി പ്രവർത്തകൻ നോബിൾ പൈക്കിട ഉദ്ഘാടനം ചെയ്തു. കർമസമിതി ചെയർമാൻ കെ. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തോമസ് വർഗീസ്, അഡ്വ. ടി.പി. സജീവൻ, മൂര്യൻ രവീന്ദ്രൻ, ജോർജ് വർഗീസ്, ജെസി വെള്ളറയിൽ എന്നിവർ സംസാരിച്ചു.

പഞ്ചായത്ത് ലൈസൻസ് അനുവദിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതം

ക്രഷർ യൂണിറ്റിന് മുൻ പഞ്ചായത്ത് ഭരണസമിതി അനുമതി നൽകിയതായുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പായം പഞ്ചായത്ത് മുൻ പ്രസിഡന്റ് എൻ. അശോകൻ പറഞ്ഞു. ക്രഷർ യൂണിറ്റിനായി അപേക്ഷ ലഭിച്ചിരുന്നു. 2020 മാർച്ച് 13-ന് ചേർന്ന ഭരണസമിതി യോഗം അനുമതി നൽകേണ്ടെന്ന് തീരുമാനിച്ചു. ഇതിനെതിരേ അപേക്ഷകൻ ഹൈക്കോടതിയെ സമീപിച്ചു. അനുമതി നിഷേധിച്ച ഭരണസമിതി തീരുമാനം റദ്ദാക്കി. പരാതിക്കാരന് നീതി ഉറപ്പാക്കാനായി പഞ്ചായത്ത് പ്രസിഡന്റ് പരാതിക്കാരനെ കേൾക്കണമെന്നും അതിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കണമെന്നും നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരനെ കേൾക്കുകയും 2020 ഒക്ടോബർ 20-ന് ചേർന്ന ഭരണസമിതി യോഗം അനുമതി നൽകേണ്ടെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയും ചെയ്തു. കളക്ടർ ചെയർമാനായ സിംഗിൾ വിൻഡോ ക്ലിയറൻസ് ബോർഡാണ് അനുമതി നൽകിയതെന്നും എൻ. അശോകൻ പറഞ്ഞു.

തെറ്റായ പ്രചാരണമാണ് പഞ്ചായത്തിനെതിരേ നടക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. രജനിയും വൈസ് പ്രസിഡന്റ്‌ അഡ്വ. വിനോദ്കുമാറും പറഞ്ഞു. മുൻ ഭരണസമിതി ജനങ്ങളുടെ താത്‌പര്യം മുൻനിർത്തിയുള്ള തീരുമാനമേ എടുത്തിട്ടുള്ളു. ഭാവിയിലും ഈ നിലപാടിൽ മാറ്റം ഉണ്ടാവില്ലെന്ന് ഭരണസമിതി അറിയിച്ചു.