മട്ടന്നൂർ : മട്ടന്നൂർ മേഖലയിലെ ക്ഷേത്രങ്ങളിൽ കവർച്ചനടത്തുന്നതിനിടെ പിടിയിലായി റിമാൻഡിൽ കഴിയുന്ന പ്രതികളെ കൂടുതൽ ചോദ്യംചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങും. ചാവശ്ശേരി ശിവ വിഷ്ണു ക്ഷേത്രം കുത്തിത്തുറന്ന്‌ കവർച്ചനടത്തുന്നതിനിടെയാണ് ഉളിയിലിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി സുദേവൻ (65), പാട്യം പത്തായക്കുന്ന് സ്വദേശി ഋത്വിക് (19) എന്നിവരെ പിടികൂടിയത്.

മറ്റു്‌ക്ഷേത്രങ്ങളിൽ നടത്തിയ കവർച്ചകളെക്കുറിച്ചും കൂട്ടുപ്രതികളെക്കുറിച്ചും വിവരംലഭിക്കുന്നതിനാണ് ഇവരെ കസ്റ്റഡിയിൽ വാങ്ങുന്നത്.

ശിവ വിഷ്ണു ക്ഷേത്രത്തിലെ മൂന്ന്‌ ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച്‌ പണം കവർന്നശേഷം ശ്രീകോവിലിനകത്ത് കയറി സ്വർണത്തിന്റെ നാഗരൂപവും ചന്ദ്രക്കലയും കവർന്നിരുന്നു. ഇതിന് തൊട്ടുമുമ്പ് മണ്ണോറയിലെ മഹാദളം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലും പോർക്കലി ഭഗവതി ക്ഷേത്രത്തിലും ഇവർ മോഷണം നടത്തി.

കല്ലൂർ വിഷ്ണു ക്ഷേത്രം, ഏളന്നൂർ അയ്യപ്പക്ഷേത്രം, കാഞ്ഞിരമണ്ണ് ക്ഷേത്രം എന്നിവിടങ്ങളിലും മോഷണം നടത്തിയത് ഇവരാണെന്ന് പോലീസ് കണ്ടെത്തി. ഈയിടെ മട്ടന്നൂർ, ചാവശ്ശേരി മേഖലയിലെ വ്യാപാരസ്ഥാപനങ്ങളിലും വ്യാപകമായി കവർച്ച നടന്നിരുന്നു.