കണ്ണൂർ: പ്രതീക്ഷയുടെ ചൂളംവിളി അടുത്തുവരുന്നതിന്റെ ആഹ്ലാദത്തിലാണ് തീവണ്ടിയാത്രക്കാർ. മംഗളൂരു-തിരുവനന്തപുരം മലബാർ റിസർവേഷൻ െസ്പഷ്യൽ വെള്ളിയാഴ്ച ഓടിത്തുടങ്ങും. ഇതിന് പിന്നാലെ മാവേലി സ്പെഷ്യലും ചെന്നൈ സൂപ്പറും വരും. ദീർഘദൂര യാത്രക്കാർക്ക് ഈ റിസർവേഷൻ വണ്ടികൾ ഏറെ ഗുണംചെയ്യും. ഇതിനുപിന്നാലെ, പാസഞ്ചർ വണ്ടികളും വരുമെന്ന പ്രതീക്ഷയിൽ സ്ഥിരം യാത്രക്കാരും ആവേശത്തിലാണ്.
എന്നാൽ, കണ്ണൂരുകാർക്ക് യശ്വന്ത്പുർ സങ്കടവണ്ടിയായി മാറി. ഫെസ്റ്റിവൽ സ്പെഷ്യലായി ഓടിച്ച കണ്ണൂർ-യശ്വന്ത്പുർ എക്സ്‌പ്രസ് ചൊവ്വാഴ്ചയോടെ ഓട്ടം നിർത്തി. ആളില്ലാകാരണം തന്നെയാണ് ഇതിനുപിന്നിലും. കോയമ്പത്തൂർ ടച്ച് ചെയ്ത് പോകുന്ന ഏക വണ്ടിയാണ് കേരളത്തിന് നഷ്ടമായത്.
വെള്ളിയാഴ്ച മുതൽ ഓടിത്തുടങ്ങുന്ന മലബാർ സ്പെഷ്യൽ കണ്ണൂരിനും മംഗളൂരുവിനും ഇടയിൽ 16 സ്റ്റേഷനുകളിലും നിർത്തും. എല്ലാ സ്റ്റേഷനുകളും നിലനിർത്തിയിട്ടുണ്ട്.
തിരുവനന്തപുരം-മംഗളൂരു വണ്ടി രാവിലെ 6.37നാണ് കണ്ണൂർ എത്തുക. 10.30-ന് മംഗളൂരുവിൽ എത്തും. വൈകീട്ട് 6.15-ന് മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന മലബാർ സ്പെഷ്യൽ 8.50-ന് കണ്ണൂരും എത്തും. പിറ്റേദിവസം രാവിലെ 9.20-ന് തിരുവനന്തപുരത്ത് എത്തും.
നമ്പർ ശ്രദ്ധിക്കുക, ഒന്നിനുപകരം പൂജ്യം
വെള്ളിയാഴ്ച മുതൽ ഓടുന്ന വണ്ടി ‘മലബാർ എക്സ്‌പ്രസ്’ ആണെന്ന് റെയിൽവേ ഒരിടത്തും പറയുന്നില്ല. മംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും മലബാറിന്റെ സമയത്ത് ഓടുന്ന സ്പെഷ്യൽ വണ്ടിയാണിത്. മലബാറിന്റെ നമ്പർ 16629/ 16630 ആണ്. ഇപ്പോൾ ഓടിക്കുന്ന സ്പെഷ്യൽ മലബാറിന്റെ നമ്പറിൽ ഒന്നിന് പകരം പൂജ്യമാണ്. അതായത്, 06629/06630 എന്നാണ് ഉണ്ടാവുക. നിലവിൽ കണ്ണൂരിലൂടെ ഓടിക്കൊണ്ടിരിക്കുന്ന നേത്രാവതി, മംഗള, മെയിൽ വണ്ടികളുടെ നമ്പറിലും ഒന്നിനുപകരം പൂജ്യം ആണ്.
റിസർവേഷൻ ചെയ്തുപോകുന്ന ഈ വണ്ടികളിൽ ജനറൽ ടിക്കറ്റ് നൽകില്ല. ജനറൽ കോച്ചിൽ സിറ്റിങ് റിസർവേഷൻ എടുക്കാം. സ്പെഷ്യൽ മലബാറിൽ അടക്കം ഇപ്പോൾ ഓടുന്ന എല്ലാ വണ്ടികളിലും ഈ സൗകര്യം ഉണ്ട്.
ചെറുദൂരയാത്രക്കാർക്ക് സീസൺ ടിക്കറ്റില്ലെങ്കിലും സിറ്റിങ് റിസർവേഷന് മറ്റു യാത്രാവാഹനങ്ങളെക്കാൾ അധിക നിരക്കില്ല. കൗണ്ടറിൽനിന്നും ഓൺലൈൻ വഴിയും ടിക്കറ്റെടുക്കാം. ഉദാഹരണത്തിന്, മലബാറിന് കാസർകോട്ടുനിന്ന് കണ്ണൂരേക്ക് സിറ്റിങ് റിസർവേഷന് 55 രൂപയാണ് നൽകേണ്ടത്.
സ്ലീപ്പറിന് 145 രൂപയും. ഓൺലൈൻ ആയി എടുക്കുമ്പോൾ ഇതിന്റെകൂടെ കൺവീനിയൻസ് നിരക്ക് അധികം ഈടാക്കും. ഇപ്പോൾ ഓടുന്ന മെയിലിൽ സൂപ്പർഫാസ്റ്റിന് (02602) കാസർകോട്ടുനിന്ന് കണ്ണൂരേക്ക് 70 രൂപയാണ് സിറ്റിങ് റിസർവേഷൻ നിരക്ക്. സ്ലീപ്പറിന് 175 രൂപയും ഈടാക്കും.
നിലവിൽ നേത്രാവതി സ്പെഷ്യൽ (06345), മംഗള സ്പെഷ്യൽ (02618), ജനശതാബ്ദി (കണ്ണൂർ-തിരുവനന്തപുരം-02081) എന്നിവയാണ് ഇപ്പോഴോടുന്ന മറ്റു ദിനവണ്ടികൾ. മാവേലി സ്പെഷ്യൽ, മംഗളൂരു-ചെന്നൈ സൂപ്പർഫാസ്റ്റ് സ്പെഷ്യൽ വണ്ടികളാണ് ഈമാസം പുതുതായി ഓടുന്നവ.
കണ്ണൂരിന്റെ നഷ്ടം, യശ്വന്ത്പുർ
:കണ്ണൂരിൽനിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും ഉള്ള യാത്രയ്ക്ക് ഉപകാരപ്പെട്ട കണ്ണൂർ-യശ്വന്ത്‌പുർ സ്പെഷ്യൽ വണ്ടി (06538) ചൊവ്വാഴ്ചയോടെ ഓട്ടം നിർത്തി. ഫെസ്റ്റിവൽ വണ്ടിയായി ഓടിച്ച ഈ വണ്ടി ഒരുമാസമാണ് ഓടിയത്. ഡിസംബർ രണ്ടുമുതൽ ഇതിന്റെ റിസർവേഷനും നിർത്തി.
ആളില്ല എന്നതാണ് ഇത് തുടരാതിരിക്കാനുള്ള കാരണമായി റെയിൽവേ അധികൃതർ പറയുന്നത്. എന്നാൽ, അധിക നിരക്കും സമയമാറ്റവും ഇതിൽ ആളുകളെ കുറച്ചു എന്നാണ് യാത്രക്കാർ പറയുന്നത്. നാല് സിറ്റിങ് റിസർവേഷനുള്ള ജനറൽ കോച്ചുള്ളതുകാരണം നിരവധി സ്ഥിരംയാത്രക്കാർ ഈ വണ്ടി ഉപയോഗിച്ചിരുന്നു. കോഴിക്കോട്ടുനിന്ന് കണ്ണൂരേക്ക് 75 രൂപയാണ് കൗണ്ടർ വഴിയുള്ള റിസർവേഷൻ നിരക്ക്. ലോക്ക് ഡൗണിന് മുൻപ് രാവിലെ 9.50-ന് കണ്ണൂർ എത്തിയിരുന്ന വണ്ടി ഇപ്പോൾ 10.30-നാണ് എത്തുന്നത്.