കണ്ണൂർ : മരണത്തിന്റെ മരവിപ്പിലും അവളുടെ മുഖം ശാന്തമായിരുന്നു. തലതുളച്ച് രണ്ട് വെടിയുണ്ടകൾ കടന്നുപോയിട്ടും ആ മുഖം ഉലഞ്ഞിരുന്നില്ല.

മാനസയുടെ ജീവനറ്റ ശരീരം നാറാത്ത് രണ്ടാം മൈലിൽ, റോഡരികിലുള്ള ‘പാർവണ’ത്തിലേക്ക് ഞായറാഴ്ച രാവിലെ ഏഴരയോടെ എത്തിച്ചപ്പോൾ അവിടെ കൂട്ടനിലവിളിയുയർന്നു.

സ്വന്തം മകളുടെ മരണവാർത്ത ടി.വി.യിലൂടെ അറിയേണ്ടിവന്നതിന്റെ ആഘാതത്തിൽനിന്ന് മുക്തയാകാത്ത, അധ്യാപികയായ അമ്മ സബീനയും തന്റെ പ്രിയപ്പെട്ട മകൾ എന്നന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന യാഥാർഥ്യവുമായി പൊരുതിനിൽക്കുന്ന വിമുക്തഭടനായ അച്ഛൻ മാധവനും സഹോദരൻ അശ്വന്തും എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട് നിലവിളിച്ചു. ഒപ്പം ബന്ധുക്കളും.

ഒരുമാസം മുമ്പ് വീട്ടിലെത്തിയ മാനസ, ഓണത്തിന് നാട്ടിൽ വരാൻ കഴിയുമെന്ന പ്രതീക്ഷയോടെയാണ് തിരിച്ച് കോതമംഗലത്തേക്ക് പോയത്. കൊല്ലപ്പെടുന്നതിന് തലേന്ന് വിളിച്ചപ്പോഴും ഇക്കാര്യം പറഞ്ഞു.

മകളുടെ പഠനം പൂർത്തിയായി തിരിച്ചുവന്നിട്ട് വേണം കുറേനാൾ എല്ലാവർക്കും ഒരുമിച്ച് താമസിക്കാനെന്ന് മാധവൻ കഴിഞ്ഞദിവസം ചില സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. പഠനവുമായി ബന്ധപ്പെട്ട് പുറത്തായതിനാൽ മാനസയ്ക്ക് അപൂർവമായേ കുടുംബത്തോടൊപ്പം താമസിക്കാൻ കഴിഞ്ഞിരുന്നുള്ളൂ.

നെല്ലിക്കുഴി ഇന്ദിരഗാന്ധി ഡെന്റൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുന്ന മാനസയെ വ്യാഴാഴ്ചയാണ്‌ വാടകവീട്ടിൽവെച്ച് സുഹൃത്തായ രാഖിൽ വെടിവെച്ചുകൊന്നത്‌. അതേ തോക്കുകൊണ്ട്‌ നിറയൊഴിച്ച്‌ രാഖിലും ജീവനൊടുക്കി. പോസ്റ്റ്മോർട്ടം കഴിഞ്ഞ് മൃതദേഹം ഞായറാഴ്ച അർധരാത്രിക്കുശേഷം ഒന്നരയോടെ കണ്ണൂർ എ.കെ.ജി. ആസ്പത്രിയിലെത്തിച്ച് അവിടെ സൂക്ഷിച്ചു. മാനസയുടെ അമ്മാവൻ സനാതനൻ, വലിയച്ഛൻ വിജയൻ, സി.പി.എം. ലോക്കൽ സെക്രട്ടറി എൻ.അശോകൻ എന്നിവരാണ് മൃതദേഹം ഏറ്റുവാങ്ങാൻ കോതമംഗലത്തേക്ക് പോയിരുന്നത്.

രാവിലെ വീട്ടിലേക്ക് മാറ്റിയ മൃതദേഹം അല്പനേരം വീട്ടിനകത്ത് കിടത്തി. ബന്ധുക്കളും കൂട്ടുകാരും നിറമിഴികളോടെ അവിടെവെച്ച് അന്ത്യാഞ്ജലികളർപ്പിച്ചു.

പിന്നീട് വീട്ടിന്റെ മുറ്റത്തേക്ക് മാറ്റിയ മൃതദേഹത്തിൽ വിവിധ രാഷ്ട്രീയപാർട്ടികൾക്കും സംഘടനകൾക്കും വേണ്ടി പുഷ്പചക്രങ്ങൾ സമർപ്പിച്ചു.

പ്രണയപ്പകയുടെ ഇരയായ പി.വി.മാനസയെ അവസാനമായി ഒരു നോക്കുകാണാനും ആദരാഞ്ജലികൾ അർപ്പിക്കാനും കോവിഡ് നിയന്ത്രണങ്ങൾപോലും കൂസാതെ ഒട്ടേറെപ്പേരാണ് എത്തിയത്. മയ്യിൽ പോലീസ് ഇൻസ്പെക്ടർ പി.ആർ.മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് ഏറെ പണിപ്പെട്ടാണ് ആൾക്കാരെ നിയന്ത്രിച്ചത്.

ഒൻപതരവരെ വീട്ടിൽ കിടത്തിയ മൃതദേഹത്തിൽ ഒട്ടേറെപ്പേർ അന്തിമോപചാരം അർപ്പിച്ചു. മന്ത്രി എം.വി.ഗോവിന്ദൻ, കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ എം.പി., എം.എൽ.എ.മാരായ കെ.വി.സുമേഷ്, രാമചന്ദ്രൻ കടന്നപ്പള്ളി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, കണ്ണൂർ മേയർ അഡ്വ. ടി.ഒ.മോഹനൻ, സി.പി.എം. നേതാക്കളായ പി.കെ.ശ്രീമതി, എം.വി.ജയരാജൻ, കെ.പി.സഹദേവൻ, ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ്, മാർട്ടിൻ ജോർജ് തുടങ്ങി നിരവധി നേതാക്കൾ മൃതദേഹത്തിൽ ആദരാഞ്ജലികളർപ്പിച്ചു.

തോക്ക് ഉപയോഗിച്ചത് ഒന്നിച്ചുള്ള മരണം ഉറപ്പാക്കാൻ

കണ്ണൂർ : കോതമംഗലം സംഭവത്തിൽ വിദ്യാർഥിനിയെ വെടിവെച്ച് കൊല്ലുകയും സ്വയം വെടിവെച്ച് മരിക്കുകയും ചെയ്ത രാഖിൽ എവിടെനിന്നാണ് തോക്ക് സംഘടിപ്പിച്ചതെന്ന അന്വേഷണത്തിലാണ് പോലീസ്.

അതേസമയം ഒന്നിച്ചുള്ള മരണം ഉറപ്പാക്കാൻവേണ്ടിത്തന്നെയാണ് രാഖിൽ മരണത്തിന് തോക്ക് ഉപയോഗിച്ചതും. ആലോചിച്ചുറപ്പിച്ച് തീരുമാനിച്ച കൃത്യംതന്നെയാണ് യുവാവ് നടത്തിയതെന്ന്‌ പോലീസ് പറയുന്നു. സാധാരണ പ്രണയപ്പകയിൽ സ്ത്രീയെ കൊന്ന് പുരുഷൻ ആത്മഹത്യ ചെയ്ത സംഭവങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട്. വെട്ടിക്കൊന്നശേഷം തൂങ്ങിമരിക്കുകയും മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തുകയും സ്വയം തീക്കൊളുത്തുകയും ചെയ്ത സംഭവങ്ങൾ ഉദാഹരണങ്ങളാണ്. ഇതിൽ കൃത്യം നടത്തിയ വ്യക്തി പിടിക്കപ്പെടാനോ ചിലപ്പോൾ രണ്ടിലൊരാൾ മരിക്കാതെ രക്ഷപ്പെടാനോ സാധ്യത കൂടുതലാണ്. തോക്കുപയോഗിക്കുമ്പോൾ ഇരുവരുടെയും മരണം ഉറപ്പാക്കാമെന്ന് രാഖിൽ കരുതിയിരിക്കും. ഇതിന് വേണ്ടിയാവാം തോക്ക് സംഘടിപ്പിച്ചതും.

പെൺകുട്ടിയുടെ തലയിലേക്ക് രണ്ടുതവണ നിറയൊഴിക്കുകയും തുടർന്ന് സ്വയം തലയിൽ തന്നെ നിറയൊഴിക്കുകയും ചെയ്യുകയായിരുന്നു ഇയാൾ. ദിവസങ്ങൾക്ക് മുൻപേ പെൺകുട്ടി താമസിക്കുന്ന സ്ഥലത്ത് എത്തുകയും അവരുടെ ചലനം നിരീക്ഷിക്കുകയും പ്രതി അവസരം കാത്തിരിക്കുകയും ചെയ്തിരുന്നു. ഉച്ചഭക്ഷണസമയത്താണ് വിദ്യാർഥിനിയെ തേടി അയാൾ പെൺകുട്ടി പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിൽ പോയതും. ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കവേ ആക്രമിച്ചതും. തോക്ക് വാങ്ങിയ സ്ഥലത്തുനിന്നുതന്നെ ഇയാൾക്ക് അത് എളുപ്പം ഉപയോഗിക്കാനുള്ള പരിശീലനവും ലഭിച്ചിരിക്കും. ആഴ്ചകൾക്ക് മുൻപ് ഇയാൾ ബിഹാറിൽ പോയിട്ടുണ്ട്.

അവിടെനിന്നുതന്നെയായിരിക്കും തോക്ക് വാങ്ങിയിട്ടുണ്ടാവുക എന്ന് പോലീസ് സംശയിക്കുന്നു. അതനുസരിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നതും.