പഴയങ്ങാടി : സുൽത്താൻ തോട്ടിലേക്ക് മാലിന്യം വലിച്ചെറിയുന്നത് തടയാൻ പാലത്തിന് മുകളിൽ സ്ഥാപിക്കുന്ന നെറ്റ് വേലിയുടെ പണി പൂർത്തിയാക്കിയില്ല. പുതിയങ്ങാടി-മുട്ടം റോഡിലെ ഏരിപ്രംപാലത്തിലെ നെറ്റ് വേലിയാണ് പാതിവഴിയിലുള്ളത്. പാലത്തിന്റെ ഇരുഭാഗത്തും മൂന്നുമീറ്റർ ഉയരത്തിലാണ് നെറ്റ് വേലി സ്ഥാപിക്കാൻ തീരുമാനിച്ചത്.

ഏരിപ്രംപാലത്തിലെ ഇരുഭാഗത്തും വേലിയുടെ ചട്ട മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. ഇത് സ്ഥാപിച്ചിട്ട് മാസങ്ങളായി. തുടർപ്രവൃത്തിയാകട്ടെ, അനന്തമായി നീണ്ടുപോയി. വാഹനങ്ങളിലും മറ്റുമായി പോകുന്നവർ പാലത്തിന്റെ മുകളിൽനിന്ന് സുൽത്താൻതോട്ടിലേക്ക് മാലിന്യം വലിച്ചെറിയാതിരിക്കാനാണ് ഇത് സ്ഥാപിക്കാൻ തീരുമാനിച്ചത്. എന്നാൽ, തോട്ടിൽ മാലിന്യം കൊണ്ടിടുന്നതിന് ഒരു കുറവുമില്ല.

സുൽത്താൻതോട് നവീകരണത്തിന്റെ ഭാഗമായാണ് വാടിക്കൽ, കോഴിബസാർ, ഏരിപ്രംപാലങ്ങൾക്കു മുകളിലായി നെറ്റ് വേലി സ്ഥാപിക്കാൻ തീരുമാനിച്ചത്. കോഴിബസാർ പാലത്തിന് മുകളിലെ നെറ്റ് വേലി മാത്രമാണ് പൂർണമായും പൂർത്തിയാക്കിയത്. വാടിക്കലിലെയും ഏരിപ്രംപാലത്തിലെയും നെറ്റുകൾ ഇപ്പോഴും പൂർണമല്ല. ഇവിടെ രണ്ടിടങ്ങളിലെയും ഇരുമ്പുനെറ്റുകൾ പൂർത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.